ഇന്തോനേഷ്യയിലെ സഫാരി പാർക്കിലാണ് സംഭവം നടന്നത്. പാർക്കിലെ ഹിപ്പോപൊട്ടാമസിന്‍റെ വായിലേക്ക് സന്ദർശകരിലൊരാൾ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സിന്‍റിയ അയു, എന്ന സ്ത്രീ ദൃശ്യംപകർത്തി ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ അത് ചെയ്തയാളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നായി ആളുകളുടെ ആവശ്യം.സന്ദർശകരിൽ നിന്നും എന്തെങ്കിലും ഭക്ഷണം പ്രതീക്ഷിച്ച് വായ തുറന്നുവെച്ച ഹിപ്പോപൊട്ടാമസിനായിരുന്നു, പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും എറിഞ്ഞുകൊടുത്തത്.
കാറിനുള്ളിൽ നിന്ന് ഒരു സ്ത്രീ പ്ലാസ്റ്റിക് ബോട്ടിൽ ഹിപ്പോയുടെ വായിലേക്ക് എറിയുന്നത് താൻ കണ്ടതായി ദൃശ്യം പകർത്തിയ സ്ത്രീ പറഞ്ഞു. 'അവരെ എനിക്ക് തടയാനായില്ല.. ഞാൻ ഹോണടിച്ചിരുന്നു. എന്നാൽ, അവർ എന്നെ ശ്രദ്ധിച്ചിരുന്നില്ല. പകരം ഞാൻ ഓഫീസർമാരെ സഹായത്തിന് വിളിക്കുകയാണ് ചെയ്തത്. -സിന്‍റിയ ന്യൂസ്ഫ്ലെയറിനോട് പ്രതികരിച്ചു. പ്ലാസ്റ്റിക് കുപ്പി മാത്രമായിരുന്നില്ല, അവർ ആ മൃഗത്തിന്‍റെ വായിലേക്ക് വലിച്ചെറിഞ്ഞത്... ഒപ്പം മറ്റ് മാലിന്യങ്ങളുമുണ്ടായിരുന്നു... വായിലേക്ക് മാലിന്യം എറിയുന്നതിന്‍റെ ദൃശ്യങ്ങൾ എനിക്ക് പകർത്താൻ കഴിഞ്ഞില്ല... എന്നാലും, അതിനെല്ലാം സാക്ഷിയായി അവിടെ കുറേപേരുണ്ടായിരുന്നു... -അവർ കൂട്ടിച്ചേർത്തു. അതേസമയം, ഹിപ്പോപൊട്ടാമസിനെ പരിശോധിച്ച മൃഗശാല അധികൃതർക്ക് അതിന്‍റെ വായിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിൽ, ട്വിഷ്യു എന്നിവ ലഭിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ചാരിറ്റി ആനിമൽ ഡിഫൻഡേഴ്സിലെ ഡോനി ഹെർദാറു എന്നയാൾ പങ്കുവെച്ചതോടെ വിഡിയോക്ക് കൂടുതൽ കാഴ്ച്ചക്കാരെ ലഭിച്ചു. പിന്നാലെ, കാറിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കുറ്റക്കാരിയെ കണ്ടെത്തുകയും ചെയ്തു. ഖദീജ എന്ന് പേരായ സ്ത്രീയായിരുന്നു സംഭവത്തിന് പിന്നിൽ. എന്നാൽ, താൻ മനഃപ്പൂർവ്വം ചെയ്തതല്ലെന്നും, അബദ്ധം സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ വിശദീകരണം. ഒടുവിൽ അവർ മാപ്പ് പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.