വയനാട്: പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിനുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചർച്ചയായി മുസ്‍ലിം ലീഗിെന്റ പച്ചക്കൊടി. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ കൊടിയെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ മറപിടിച്ചാണ് ഇത്തവണയും ചർച്ചകൾ കൊടിയേറിയത്. പ്രിയങ്കയുടെ റോഡ്ഷോയിൽ ലീഗിെൻറ കൊടിക്ക് വിലക്കുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു വിലക്ക് ആരും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
‘പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‍ലിം ലീഗ് നേതാക്കൾക്കോ പതാകയ്ക്കോ വിലക്കില്ല. വയനാട്ടിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്‍ലിം ലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണ്’ -ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. ഇതിനുപിന്നാലെ വയനാട് മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ ലീഗ് പ്രവർത്തകർ കൂറ്റൻ പതാകയും പച്ച നിറത്തിലുള്ള ബലൂണുകളും കൈയിലേന്തിയാണ് അണിനിരന്നത്.
അതിനിടെ, പച്ച ബലൂണുകൾ പറത്തുന്ന ചിത്രം പങ്കുവെച്ച് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായി. ‘പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്’ എന്നായിരുന്നു ബിനീഷിന്റെ പരിഹാസം. എന്നാൽ, പച്ചക്കൊടി വീശുന്ന ചിത്രങ്ങളടക്കം കമന്റ് ചെയ്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. ബിനീഷിനെയും സഹോദരൻ ബിനോയി കോടിയേരിയെയും പരിഹസിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിന് താഴെ വന്നത്.
ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും ബിനീഷിനെ കളിയാക്കി രംഗത്തെത്തി. ‘‘ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു’’ എന്നാണ് ഹീലിയം ബലൂണിൽ യാത്രചെയ്യുന്ന ഫോട്ടോയിട്ട് ബൽറാമിന്റെ കുറിപ്പ്. ബിനീഷ് എയറിലായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു ബൽറാമിന്റെ പോസ്റ്റ്. അതിനിടെ, മുസ്‍ലിം ലീഗിന്റെ കൊടി ഉയർത്തിയതായി സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ടി.വിയും വാർത്ത നൽകിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ അതിഗംഭീര റോഡ്ഷോ നടത്തിയാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. ഉരുൾദുരന്തബാധിതരെ അനുസ്മരിച്ചും മഹാപ്രതിസന്ധി മറികടക്കുന്ന വയനാടിന്റെ ഇച്ഛാശക്തിയെ പുകഴ്ത്തിയും അവർ ഹൃദയങ്ങൾ കീഴടക്കി. ലാവണ്ടർ നിറത്തിലുള്ള വാഹനത്തിൽ അതേ നിറത്തിലുള്ള സാരിയണിഞ്ഞെത്തിയ പ്രിയങ്കയെ വരവേൽക്കാൻ പൊരിവെയിലിനെ അവഗണിച്ചും സ്ത്രീകളുടെ വൻകൂട്ടമാണ് എത്തിയത്. പ്രായമായവരുടെയും കുട്ടികളുടെയും നീണ്ടനിര വേറെയും.
ചൊവ്വാഴ്ച രാത്രി 9.30ഓടെതന്നെ പ്രിയങ്ക മൈസൂരുവിൽനിന്ന് സുൽത്താൻ ബത്തേരിയിൽ എത്തിയിരുന്നു. കൽപറ്റ പുതിയ ബസ്റ്റാൻഡിന് മുന്നിൽനിന്ന് ബുധനാഴ്ച രാവിലെ 11.30ഓടെയാണ് റോഡ് ഷോ തുടങ്ങിയത്. രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർക്കൊപ്പം പ്രിയങ്ക ഗാന്ധി തുറന്ന വാഹനത്തിൽ കയറിയപ്പോൾതന്നെ സ്ത്രീകളടക്കമുള്ളവർ ആവേശമുദ്രാവാക്യമുയർത്തി.
‘രാജീവിന്റെ പ്രിയ പുത്രി’, ‘സോണിയയുടെ പ്രിയ പുത്രി’, ‘രാഹുലിന്റെ പ്രിയ സോദരി...’ തുടങ്ങിയ ഇഷ്ടവാക്കുകളാൽ ജനക്കൂട്ടം സ്നേഹവായ്പ് ചൊരിഞ്ഞു. ജനങ്ങളുടെ ആവേശതള്ളിച്ചയിൽ റോഡ് ഷോ വാഹനം പുറപ്പെടാൻ ഏറെ പാടുപെട്ടു. പൊലീസ് വടംകെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. പ്രവർത്തകനൊപ്പം റോഡിലുണ്ടായിരുന്ന കുട്ടിയെ പ്രിയങ്ക കൈയിലെടുത്ത് ഉയർത്തി തന്റെ വാഹനത്തിൽ കയറ്റിയപ്പോൾ രാഹുലും ഓമനിച്ചു. കെട്ടിടങ്ങളുടെ മുകളിലടക്കമുണ്ടായിരുന്ന ജനക്കൂട്ടത്തെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. വാദ്യമേളങ്ങൾ കൊഴുപ്പേകി. ‘വയനാടിന്റെ പ്രിയങ്കരി’, ‘വോട്ട് ഫോർ പ്രിയങ്ക’ തുടങ്ങിയ ബോർഡുകളും പാർട്ടി പതാകകളുടെ നിറത്തിലുള്ള കൂറ്റൻ ബലൂണുകളുമേന്തിയാണ് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്.
12.45ഓടെയാണ് ഗൂഡലായി ജങ്ഷന് സമീപമൊരുക്കിയ വേദിക്കരികിൽ എത്തിയത്. തുടർന്നാണ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വേദിയിൽ എത്തിയത്. ആദ്യം പ്രസംഗിക്കാനായി പ്രിയങ്ക എഴുന്നേറ്റപ്പോൾതന്നെ വൻകരഘോഷമുയർന്നു. തുടർന്ന് ലോക്സഭ പ്രതിപക്ഷനേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.