അമേരിക്കയിലെ അരിസോണയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാറിൽ നിന്ന് പൊലീസുകാർ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലാകുന്നു. അപാഷെ ജംക്ഷൻ പൊലീസ് ഡിപ്പാർട്ട്മെന്റ് പങ്കുവെച്ച വിഡിയോയിൽ ശക്തമായി ഒഴുകുന്ന വെള്ളത്തിൽ കാർ കുടുങ്ങിക്കിടക്കുന്നതായി കാണാം. ഭീതിപ്പെടുത്തുന്ന തരത്തിലാണ് വെള്ളത്തിലുള്ള കാറിന്റെ നിൽപ്പ്.
പൊലീസുകാർ, കാറിന്റെ ഗ്ലാസ് തകർത്ത് അതിനുള്ളിലൂടെ ടൗ സ്ട്രാപ് എറിഞ്ഞുകൊടുത്തെങ്കിലും സ്ത്രീക്ക് തുടക്കത്തിൽ ഇഴഞ്ഞ് പുറത്തേക്ക് വരാൻ സാധിക്കുന്നില്ല. പൊലീസുകാർ തുടർച്ചയായി ആവശ്യപ്പെട്ടതോടെ അവർ സ്ട്രാപ്പിൽ പിടിക്കുകയും പതുക്കെ പുറത്തേക്ക് വന്ന് രക്ഷപ്പെടുകയുമായിരുന്നു.
കാറിനുള്ളിൽ കുടുങ്ങിയത് മുതൽ തന്റെ വളർത്തുനായയെ ഓർത്തായിരുന്നു സ്ത്രീയുടെ ആകുലത. നായയെ രക്ഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പുറത്തുനിന്ന് വിളിച്ചു പറയുന്നതായും കേൾക്കാം.
ഒരു ഡിറ്റൻഷൻ ഓഫീസറും ഒരു മെസ അഗ്നിശമന സേനാംഗവുമാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് അപ്പാഷെ ജംഗ്ഷൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിൽ കുറിച്ചു. ജൂലൈ 28നായിരുന്നു സംഭവം.
"ഡ്രൈവറെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവളുടെ നായയെ വീണ്ടെടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവസാന പരിശോധനയിൽ, കുടുംബവും സുഹൃത്തുക്കളും ഈ പ്രിയപ്പെട്ട വളർത്തുമൃഗത്തിനായി തിരയുകയായിരുന്നു, "ലോ എൻഫോഴ്സ്മെന്റ് ഏജൻസി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.