ന്യൂഡൽഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഏകദിന ഫൈനൽ മത്സരം പുരോഗമിക്കുകയാണ്. അതിനിടെ എക്സിൽ (ട്വിറ്റർ) ഇന്ത്യക്ക് പിന്തുണ നൽകി ബി.ജെ.പിയിട്ട പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്.
‘‘കമോൺ ടീം ഇന്ത്യ! ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്!" ബി ജെ പിയുടെ ഔദ്യോഗിക ഹാൻഡിൽ എക്‌സിൽ പോസ്റ്റ് ചെയ്തു. അത് റീപോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് എഴുതിയത്, "അത് ശരിയാണ്! ജീതേഗ ഇന്ത്യ (JEETEGA INDIA).’’ എന്നായിരുന്നു.
കോൺഗ്രസും ബി.ജെ.പിയും ഇന്ത്യൻ ടീമിന് വേണ്ടി ഒന്നിച്ചു എന്നായിരുന്നു പലരും പോസ്റ്റിന് താഴെ കുറിച്ചത്. എന്നാൽ, പ്രതിപക്ഷ്യ സഖ്യമായ ‘ഇൻഡ്യ ( I.N.D.I.A)’യെ ഉദ്ദേശിച്ചുള്ളതാണ് ട്വീറ്റെന്ന് തിരുത്തി ചിലർ രംഗത്തുവന്നിട്ടുണ്ട്. എന്തായാലും രസകരമായ പല മറുപടികളും പോസ്റ്റിന് താഴെ വന്ന് തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഫൈനലിൽ ആസ്‌ത്രേലിയയെ നേരിടുന്ന ഇന്ത്യ 240 റൺസിന് പുറത്തായി. കെ.എൽ രാഹുലും വിരാട് കോഹ്‍ലിയും നേടിയ അർധസെഞ്ച്വറികളാണ് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയ നീലക്കടലിനെ ആവേശത്തിലാക്കിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരുവശത്ത് ശുഭ്മൻ ഗില്ലിനെ സാക്ഷിയാക്കി ക്യാപ്റ്റൻ രോഹിത് ശർമ ആസ്ട്രേലിയൻ ബൗളിങ്ങിനെ അടിച്ചുതകർത്തപ്പോൾ സ്കോർബോർഡും വേഗത്തിൽ ചലിച്ചു. എന്നാൽ, 4.2 ഓവറിൽ 30 റൺസ് നേടിയ രോഹിത്-ഗിൽ ഓപണിങ് സഖ്യം മിച്ചൽ സ്റ്റാർക്ക് പൊളിച്ചു. ഏഴ് പന്തിൽ നാല് റൺസെടുത്ത ഗില്ലിനെ ലോങ് ഓണിൽ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.