ബാംബൊലിം (ഗോവ): ഏഷ്യൻ ഗെയിംസ് മേൽവിലാസവുമായെത്തിയ ആൻസി സോജൻ കേരളത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ചില്ല. ദേശീയ ഗെയിംസ് വനിത ലോങ് ജംപിൽ ആൻസിയുടെ സുവർണചാട്ടം. മലയാളി താരങ്ങൾ തമ്മിൽ കനത്ത പോരാട്ടം നടന്ന മത്സരത്തിൽ കേരളത്തിന്റെതന്നെ നയന ജെയിംസിനെ രണ്ടാമതാക്കിയാണ് എഷ്യാഡ് വെള്ളിനേട്ടക്കാരിയായ ആൻസി ജേത്രിയായത്. 4x100 മീറ്റർ റിലേയിൽ വനിതകളും തായ്ക്വോണ്ടോയിൽ ലയ ഫാത്തിമയും വെള്ളിയിലെത്തി. ഒപ്പം നാലു വെങ്കലവും കേരളത്തിന് തിങ്കളാഴ്ച സ്വന്തം. ഇതോടെ മൊത്തം കേരളത്തിന് 26 മെഡലുകളായി. ആറ് സ്വർണവും 12 വെള്ളിയും എട്ട് വെങ്കലവുമാണ് ഒമ്പതാം സ്ഥാനത്തുള്ള കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.
ഒരുമണിക്കൂറോളം നീണ്ട മഴക്കുശേഷം നടന്ന മത്സരത്തിൽ 6.53 മീറ്റർ മറികടന്നാണ് ആൻസിയുടെ സ്വർണം. നിലവിലെ ചാമ്പ്യനായ നയന ജെയിംസ് 6.52 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. വനിത റിലേയിൽ 46.02 സെക്കൻഡിലാണ് വി. നേഹ, പി.ഡി. അഞ്ജലി, രമ്യ രാജന്, എ.പി. ഷില്‍ബി എന്നിവരടങ്ങിയ ടീം രണ്ടാമതെത്തിയത്. സുവർണ പ്രതീക്ഷയോടെയാണ് ട്രാക്കിലിറങ്ങിയതെങ്കിലും മിന്നുംതാരം ജ്യോതി യാരാജിയുടെ നേതൃത്വത്തിലിറങ്ങിയ ആന്ധ്രയെ (45.61) മറികടക്കാനായില്ല. കർണാടക വെങ്കലവും (46.22) നേടി.
മഴയിൽ കുതിർന്ന ട്രാക്കിൽ നടന്ന 4X100 മീ. പുരുഷ റിലേയിൽ കേരളം (40.14) വെങ്കലത്തിലൊതുങ്ങി. ഡി. ബിബിന്‍, സി.വി. അനുരാഗ്, മുഹമ്മദ് ഷാന്‍, ടി. മിഥുൻ എന്നിവരാണ് കേരളത്തിനായി ബാറ്റണ്‍ പിടിച്ചത്. ഡെക്കാത്തലണിൽ എൻ. തൗഫിഖും (6755) വെങ്കലമെത്തിച്ചു. തുടർച്ചയായ മൂന്നാം ദിവസവും നീന്തൽകുളത്തിൽനിന്ന് മെഡൽ മുങ്ങിയെടുത്ത സജൻ പ്രകാശിന്റേതാണ് മറ്റൊരു വെങ്കലം. തിങ്കളാഴ്ച 400 മീറ്റർ വ്യക്തിഗത മെഡ്ലിയിൽ വെങ്കലമാണ് (നാല് മിനിറ്റ് 32.18) സ്വന്തമാക്കിയത്. ബീച്ച് ഫുട്ബാളിൽ ഫൈനലിൽ കടന്ന കേരളം ഒരു മെഡൽകൂടി ഉറപ്പായി.
പുരുഷന്മാരുടെ വാട്ടർ പോളോയിൽ കർണാടകയെ കേരളം പരാജയപ്പെടുത്തി (18- 2). അത്ലറ്റിക്സ് മത്സരങ്ങൾക്കിടെ വൈകീട്ട് ഏഴോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. വനിതകളുടെ 4X100 മീറ്റർ റിലേ പൂർത്തിയാതിനു പിന്നാലെ കനത്ത മഴ ചെയ്തതോടെ മത്സരങ്ങൾ നിർത്തിവെച്ചു. പിന്നീട് ഒന്നര മണിക്കൂറിനുശേഷമാണ് മത്സരങ്ങൾ പുനരാരംഭിച്ചത്.
ഫട്ടോർഡ: ദേശീയ ഗെയിംസ് ഫുട്ബാളിൽ ഗ്രൂപ്ഘട്ടത്തിലെ ആദ്യമത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് സമനില (2-2). ആദ്യപകുതിയിൽ രണ്ടു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച മഹാരാഷ്ട്ര കേരളത്തെ സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍തന്നെ മൂഹമ്മദ് അഷിഖിലൂടെ കേരളം ലീഡ് നേടി (1-0). 43ാം മിനിറ്റില്‍ പെനാൽറ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ട് മഹാരാഷ്ട്രയുടെ വല വീണ്ടുംകുലുക്കി (2-0). ഇതിനിടയിൽ നിരവധി ഗോളവസരങ്ങൾ കേരള മുന്നേറ്റനിര തുലച്ചു.
79ാം മിനിറ്റില്‍ മന്ദീപ് സിങ്ങിലൂടെ മഹാരാഷ്ട്ര ആദ്യഗോള്‍ സ്വന്തമാക്കി (2-1). അഞ്ച് മിനിറ്റുകൾക്കുശേഷം യാഷ് ശുക്ലയിലൂടെ മഹാരാഷ്ട്ര സമനില പിടിച്ചു (2-2). അവസാന മിനിറ്റുകളില്‍ വിജയഗോളിനായി കിണഞ്ഞ് ശ്രമിച്ച കേരളത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വ്യാഴാഴ്ച വൈകീട്ട് നാലിന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇതിൽ വിജയിച്ചാൽ മാത്രമേ സെമിസാധ്യതകൾ മലയാളി സംഘത്തിന് നിലനിർത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.