ദോഹ: ലാ മാസിയ അക്കാദമിയില്‍നിന്നെത്തി ബാഴ്സലോണ കുപ്പായത്തിലും അർജന്‍റീനയുടെ ദേശീയ കുപ്പായത്തിലും പന്തുകൊണ്ട് നൃത്തമാടി ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ലയണൽ മെസ്സി. മിശിഹയുടെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൗമാര താരം ലാമിൻ യമാലും ഇതേ അക്കാദമിയിൽനിന്നാണ് ഫുട്ബാളിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്.
മെസ്സി ഫുട്ബാളിന്‍റെ സായാഹ്നത്തിൽ എത്തിനിൽക്കുമ്പോൾ, യമാൽ ഭാവി മെസ്സിയിലേക്കുള്ള യാത്രയിലാണ്. സീസണിലെ ഫിഫ പുരസ്കാരങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനാണ്. പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ മെസ്സിയുടെ ആദ്യ വോട്ട് സ്പാനിഷ് താരം യമാലിനായിരുന്നു. രണ്ടാം വോട്ട് റയലിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെക്കും. വിനീഷ്യസിന് മൂന്നമതായാണ് മെസ്സി വോട്ടു ചെയ്തത്. ഫിഫ ദി ബെസ്റ്റ് താരത്തിനുള്ള വോട്ടെടുപ്പിൽ അഞ്ചാമതാണ് യമാൽ ഫിനിഷ് ചെയ്തത്. മെസ്സി ആറാമതും. ഫിഫയുടെ മികച്ച പുരുഷ ടീമിൽ യമാൽ ഇടംനേടി. ടീമിൽ ഉൾപ്പെടുന്ന ഏക ബാഴ്സ താരമാണ്.
വിനീഷ്യസ്, എർലിങ് ഹാളണ്ട്, ക്രൂസ്, റോഡ്രി, ബെല്ലിങ്ഹാം, സാലിബ, ഡയസ്, റൂഡിഗർ, കാർവഹാൽ, മാർട്ടിനെസ് എന്നിവരാണ് ഫിഫ പുരുഷ ടീമിൽ ഇടംനേടിയ മറ്റു താരങ്ങൾ. അതേസമയം വനിത ടീമിൽ ബാഴ്സ താരങ്ങളുടെ ആധിപത്യമാണ്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ ഐതാന ബോൻമാതിയെ കൂടാതെ, അഞ്ചു ബാഴ്സ താരങ്ങളാണ് ടീമിലുള്ളത്. ദോഹയിൽ നടന്ന പുരസ്കാര ചടങ്ങിലാണ് 2024ലെ മികച്ച താരമായി 24കാരനായ താരത്തെ തെരഞ്ഞെടുത്തത്. റോഡ്രി, എംബാപ്പെ, ഹാളണ്ട് എന്നിവരെ പിന്തള്ളിയാണ് വിനീഷ്യസ് കരിയറിൽ ആദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് അവകാശിയായത്.
ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അയലാന്ദ്രോ ഗർണാച്ചോ എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ നേടിയ ഗോൾ സ്വന്തമാക്കി. വനിതാ വിഭാഗത്തിലെ മികച്ച ഗോളിനായി ഏർപ്പെടുത്തിയ പ്രഥമ ‘ഫിഫ മാർത പുരസ്കാരം’ മാർത തന്നെ സ്വന്തമാക്കി മറ്റൊരു ചരിത്രവും കുറിച്ചു. ബ്രസീൽ കുപ്പായത്തിൽ ജമൈകക്കെതിരെ നേടിയ ഗോളാണ് പുരസ്കാരത്തിന് അർഹമായത്.
മറ്റു പുരസ്കാരങ്ങൾ:
മികച്ച കോച്ച്: കാർലോ ആഞ്ചലോട്ടി (റയൽ മഡ്രിഡ്)
മികച്ച വനിതാ കോച്ച്: എമ്മ ഹെയ്സ് (ചെൽസി)
മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന, ആസ്റ്റൻവില്ല)
വനിതാ ഗോൾകീപ്പർ: അലിസ നാഹെർ (അമേരിക്ക)
ഫെയർേപ്ല അവാർഡ്: തിയാഗോ മിയ (ബ്രസീൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.