മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അടുത്തിടെ നടന്ന ചെസ് മത്സരത്തിൽ ഏഴു വയസുകാരന്റെ വിരലൊടിച്ചു കളഞ്ഞു റോബോട്ട് ആണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ജൂലൈ 19ന് മോസ്കോയിൽ നടന്ന ചെസ് ഓപൺ ടൂർണമെന്റിലാണ് സംഭവം. റോബോട്ടും ഏഴുവയസുകാരൻ ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരുനീക്കം നടത്തിയ കുട്ടിയുടെ വിരലൊടിച്ച് ചെസ് കളി തുടരുകയായിരുന്നു റോബോട്ട്. റോബോർട്ടിന് ആവശ്യത്തിന് സമയം നൽകാതെ കുട്ടി അടുത്ത കരുനീക്കം നടത്തിയതാണ് പണി പറ്റിച്ചതെന്ന് ചെസ് ഫെഡറേഷൻ റഷ്യ വൈസ് പ്രസിഡന്റ് സെർജി സ്മഗിൻ പറഞ്ഞു.
റോബട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുൻപേ ക്രിസ്റ്റഫർ അടുത്ത നീക്കത്തിനു തുനിഞ്ഞു. ഇതോടെ റോബോട്ട് ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് തന്റെ കൈയെടുത്തു വയ്ക്കുകയായിരുന്നു. കൈ വലിക്കാൻ കഴിയാതെ വേദന കൊണ്ടു പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. കൈ വലിക്കാൻ നിവൃത്തിയില്ലാതെ വിഷമിച്ച കുട്ടിയെ ഓടിയെത്തിയ ആളുകൾ ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.
ഒമ്പതു വയസ്സിനു താഴെ പ്രായമുള്ള ചെസ് താരങ്ങളിൽ മിടുക്കനാണ് ക്രിസ്റ്റഫർ. റോബോട്ടിന്റെ കൈയ്ക്ക് അടിയിൽപ്പെട്ടതോടെ കുട്ടിയുടെ വിരലൊടിഞ്ഞെന്നാണ് റിപ്പോർട്ട്. മത്സരത്തിന്റെ നിയമാവലി തെറ്റിച്ച് ക്രിസ്റ്റഫർ കരുനീക്കം നടത്തിയതാണ് അപകടത്തിനു കാരണമായതെന്ന് സ്മഗിൻ വിശദീകരിച്ചു.
കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. തുടർന്നും അവന് ചെസ് കളിക്കാനാകുമെന്നും സ്മഗിൻ പറഞ്ഞു. മുറിവുണക്കാൻ പ്ലാസ്റ്ററിട്ടിരിക്കയാണ് വിരലിൽ. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്നും സ്മഗിൻ പ്രതികരിച്ചു. ഇതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ നിയമ നടപടിക്കൊരുങ്ങിയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.