ബോർഡർ ഗവാസ്കർ ട്രോഫിയിൽ ടീമിനെ ബുംറ നയിക്കട്ടെ; ടീം അംഗമായി മാത്രം രോഹിത് കളിക്കട്ടെയെന്നും മുൻ ബാറ്റിങ് ഇതിഹാസം

മുംബൈ: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്‍റിലെ ഒന്നാം ടെസ്റ്റിൽ നായകൻ രോഹിത് ശർമ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ആദ്യ ടെസ്റ്റിൽ നിന്ന് താരം വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിനു മുന്നിൽ അടിയറവെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്. ഓസീസിനെതിരെ പരമ്പര 4-1ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകു, മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിർണായകമാകും. രോഹിത്, വിരാട് കോഹ്ലി ഉൾപ്പെടെ സീനിയർ താരങ്ങളുടെ മോശം ബാറ്റിങ് പ്രകടനവും ടീം ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമാണ്. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് കുറ്റസമ്മതം നടത്തിയിരുന്നു.

ടീം ഇന്ത്യയുടെ ദയനീയ പ്രകടനത്തിൽ ആരാധകരും കലിപ്പിലാണ്. 24 വർഷത്തിനുശേഷമാണ് നാട്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. കരുത്തരായ ഓസീസിനെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ ആത്മവിശ്വാസത്തെയും ഈ തോൽവി ബാധിച്ചിട്ടുണ്ട്. അതിനിടെയാണ് ഓസീസ് പരമ്പരക്കു മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ നായകന്‍റെ കാര്യത്തിൽ വ്യക്തത വേണമെന്ന് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഹിത്തിനു പകരം ആസ്ട്രേലിയയിൽ ടീമിനെ ബുംറ നയിക്കട്ടെയെന്നും ഇക്കാര്യം മുഖ്യ സെലക്ടർ അജിത് അഗാർക്കർ അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും ഗവാസ്കർ വ്യക്തമാക്കി. ‘ക്യാപ്റ്റൻ ഓപ്പണിങ് ടെസ്റ്റ് കളിക്കണം. പരമ്പരയുടെ ആദ്യ ടെസ്റ്റിൽതന്നെ ക്യാപ്റ്റന്‍റെ അന്നാന്നിധ്യം വൈസ് ക്യാപ്റ്റനെ കടുത്ത സമ്മർദത്തിലാക്കും, അത് കാര്യങ്ങൾ എളുപ്പമാക്കില്ല. രോഹിത് ഓപ്പണിങ് ടെസ്റ്റ് കളിക്കില്ലെന്ന റിപ്പോർട്ടുകൾ നമ്മൾ കാണുന്നുണ്ട്. രണ്ടാം ടെസ്റ്റിലും താരം കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. റിപ്പോർട്ട് ശരിയാണെങ്കിൽ രോഹിത്തിനോട് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ അജിത് അഗാർക്കർ പറയണം. രോഹിത്ത് ആവശ്യമെങ്കിൽ വിശ്രമം എടുക്കട്ടെ, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളാണത്. പക്ഷേ, പരമ്പരയിൽ ഒരു താരം എന്ന നിലയിൽ മാത്രം രോഹിത് കളിക്കട്ടെ. ആഗ്രഹിക്കുമ്പോൾ ടീമിനൊപ്പം ചേരട്ടെ, പ‍ക്ഷേ ഈ പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ബുംറയെ ക്യാപ്റ്റനാക്കണം’ -ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണയും ആസ്ട്രേലിയയിൽ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. കീവീസിനോട് സമ്പൂർണ പരമ്പര തോൽവി വഴങ്ങിയാണ് ടീം എത്തുന്നത്. നവംബർ 22ന് പെർത്തിലാണ് ഒന്നാം ടെസ്റ്റ്.

Tags:    
News Summary - Agarkar should name Bumrah captain -Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.