കൊച്ചി: ‘‘കായികമേളയിൽ പങ്കെടുക്കാനെത്തിയ എന്‍റെ പ്രിയപ്പെട്ട തക്കുടുകളേ...’’ സംസ്ഥാന സ്കൂൾ കായികമേള ഉദ്ഘാടന വേദിയിൽനിന്ന് മൈക്കിലൂടെ മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടി ഇങ്ങനെ അഭിസംബോധന ചെയ്തപ്പോൾ മുന്നിലുള്ള സ്റ്റേഡിയം ഒന്നാകെ ‘മമ്മൂക്കാ...’ എന്ന് തിരികെ ആർത്തുവിളിച്ചു. കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിന്‍റെ പേരുവിളിച്ചാണ് ആയിരക്കണക്കിന് താരങ്ങൾക്ക് അദ്ദേഹം പ്രചോദനം പകർന്നത്.
കഥപറയുമ്പോൾ എന്ന തന്‍റെ ചിത്രത്തിലെ ഏറെ ഹിറ്റായ പ്രസംഗരംഗം ഓർത്തെടുത്താണ് മമ്മൂട്ടി സംസാരം തുടങ്ങിയത്. താൻ ഏറെ വികാരാധീനനായി പോവുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്നും ‘കഥ പറയുമ്പോൾ’ സിനിമയിലെ അശോക് രാജിനെപ്പോലെ തന്‍റെ കുട്ടിക്കാലം ഓർത്തെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘തന്‍റെ കുട്ടിക്കാലത്ത് സ്പോർട്സിലൊന്നും താൽപര്യമുണ്ടായിരുന്നില്ല, താനൊരു മടിയനായിരുന്നു. ഓടാനും ചാടാനുമൊക്കെ പോവുന്നതിനുപകരം നാടകം കളിക്കാനും മോണോ ആക്ട് അവതരിപ്പിക്കാനുമൊക്കെയാണ് പോയത്. പക്ഷേ, ഇത് കാണുമ്പോൾ ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. തന്‍റെ മുന്നിൽ നിൽക്കുന്ന കേരളത്തിന്‍റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു. ഒരുപാട് പ്രതീക്ഷയുണ്ട് നിങ്ങളിൽ. ഈ നാടിന്‍റെ, ഈ രാജ്യത്തിന്‍റെ, നമ്മുടെ എല്ലാവരുടെയും അഭിമാനങ്ങളായി തീരേണ്ടവരാണ് നിങ്ങളെല്ലാം’’ -മമ്മൂട്ടി കൂട്ടിച്ചേർത്തു.
ഓരോ ഇനത്തിലും നമ്മൾ ഒരുപാട് വൈദഗ്ധ്യവും സാമർഥ്യവും നേടിയവരാവും. എന്നാൽ, കൂടെ ഓടുന്നവരും കൂടെ കളിക്കുന്നവരും നമ്മളേക്കാൾ ഒട്ടും മോശമല്ല. അവരും ജയിക്കാനാണ് മത്സരിക്കുന്നതെന്ന ഓർമ വേണം. ഒരാൾക്ക് മാത്രമാണ് ജയിക്കാൻ കഴിയുന്നതെങ്കിലും കൂടെയൊരാൾ മത്സരിക്കാനുള്ളതുകൊണ്ടാണ് നമ്മൾ ജയിക്കുന്നതെന്ന ചിന്തയുണ്ടാവണം. ഒറ്റക്കൊരാൾ ഒരു മത്സരത്തിലും ജയിക്കുന്നില്ല. മത്സരങ്ങൾ കൂട്ടായ്മയാണ്, പരസ്പരമുള്ള വിശ്വാസമാണ്. ഒരു മത്സരാർഥിയെ മത്സരാർഥിയായിട്ടല്ലാതെ ശത്രുവായി ഒരിക്കലും കണക്കാക്കരുത്.
നമ്മളെപ്പോലെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുള്ള നമ്മുടെ കൂട്ടുകാരാണവർ. അവരോട് പെരുമാറുന്നതിലോ സംസാരിക്കുന്നതിലോ ഒന്നും ഒരുതരത്തിലുള്ള വ്യത്യാസങ്ങളും കാണിക്കാനോ മനസ്സിൽപോലും വിചാരിക്കാനോ പാടില്ല. വിദ്യാഭ്യാസമുള്ളവർക്കേ സംസ്കാരമുണ്ടാവൂ എന്ന അഭിപ്രായവും തനിക്കില്ല. ഒരുപാട് വിദ്യാഭ്യാസമില്ലാത്ത, സംസ്കാരമുള്ള നിരവധി പേരെ കണ്ടുമുട്ടാറുണ്ട്. അത്ഭുതപ്പെടുത്തുന്ന പെരുമാറ്റംകൊണ്ട് നാമവരെ മറക്കാതിരിക്കുന്നു -മമ്മൂട്ടി തുടർന്നു. ‘അതുകൊണ്ട് പ്രിയപ്പെട്ട തക്കുടുകളേ, ഒന്നല്ല ഒരു നൂറ് ഒളിമ്പിക്സ് മെഡലുകളുമായി ഈ നാടിന്‍റെ അഭിമാനങ്ങളായി മാറാൻ എല്ലാവർക്കും സാധിക്കട്ടേ’യെന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.