വിരാട് കോഹ്‌ലി

'വിരാട് കോഹ്ലിക്ക് ഇനിയും ധാരാളം സമയമുണ്ട്, എഴുതി തള്ളാൻ വരട്ടെ'; കോഹ്ലിക്ക് പിന്തുണയുമായി മുൻ താരം

കരിയറിലെ മോശം ഫോമിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി കടന്നുപോകുന്നത്. ന്യൂസിലാൻഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര‍യിൽ വളരെ മോശം ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. താരത്തിന്‍റെ ഈ മോശം ഫോം ബോർഡർ ഗവാസ്കർ ട്രോഫിയിലുള്ള  സാന്നിധ്യത്തിൽ സംശയങ്ങളുണ്ടാക്കിയിരുന്നു. ന്യൂസിലാൻഡിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നും വെറും 93 റൺസാണ് വിരാട് കോഹ്ലി നേടിയത്. നാല് ഇന്നിങ്സിൽ രണ്ടക്കം കടക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടില്ല.

അവസാന ആറ് ടെസ്റ്റ് മത്സരത്തിൽ നിന്നും 22.72 ശരാശരയിൽ 250 റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയത്. ഇതിൽ ആകെ ഒരു അർധസെഞ്ച്വറി മാത്രമേയുള്ളൂ. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന വിരാട് 118 ടെസ്റ്റ് മത്സരത്തിൽ നിന്നുമായി 9040 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ അവസാന സെഞ്ച്വറി നേടിയിട്ട് ഒരു വർഷത്തിലേറെയായി. വിരാട് വിരമിക്കണമെന്നും അദ്ദേഹത്തിന് പകരം ആളെ കണ്ടെത്തണമെന്നുമുള്ള മുറവിളികൾ കൂടുന്ന സമയമാണിത്. ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ മോശം ഫോമിനെ അടിസ്ഥാനമാക്കിയാണ് മുൻ താരങ്ങളും ആരാധകരുമെല്ലാം ഇങ്ങനെ വാദിക്കുന്നത്. എന്നാൽ വിരാടിനെ എഴുതി തള്ളാൻ സമയമായിട്ടില്ലെന്നും ആസ്ട്രേലിയൻ മണ്ണിൽ അദ്ദേഹം തിരിച്ചുവരുമെന്നും പറയുകയാണ് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ ക്രിസ് ശ്രീകാന്ത്.

'ആസ്ട്രേലിയക്കെതിരെ വിരാട് തിരിച്ചുവരവ് നടത്തുമെന്നാണ് എന്‍റെ അഭിപ്രായം. അവന്‍റെ ഏരിയയാണ് ആസ്ട്രേലിയ അതാണ് വിരാടിന്‍റെ ശക്തിയെന്ന് എനിക്കറിയാം. വിരാടിനെ കുറിച്ച് സംസാരിക്കുന്നതും എഴുതി തള്ളുന്നതും നേരത്തെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ അത് അംഗീകരിക്കില്ല. വിരാടിന് ഇനിയും ധാരാളം സമയമുണ്ട്,' ശ്രീകാന്ത് പറഞ്ഞു.

ആസ്ട്രേലിയക്കെതിരെ 25 ടെസ്റ്റ് മത്സരത്തിൽ നിന്നും 2042 റൺസുമായി മികച്ച റെക്കോഡ് വിരാട് കോഹ്ലിക്കുണ്ട്. 47.48 ശരാശരയിൽ ബാറ്റ് വീശിയ വിരാട് കോഹ്ലിക്ക് എട്ട് സെഞ്ച്വറിയും കങ്കാരുപ്പടക്കെതിരെയുണ്ട്. ആസ്ട്രേലിയൻ മണ്ണിൽ 13 ടെസ്റ്റ് മത്സരത്തിൽ നിന്നും 54.08 ശരാശരിയിൽ 1352 റൺസ് വിരാട് സ്വന്തമാക്കിയിട്ടുണ്ട്. ആസ്ട്രേലിയൻ മണ്ണിൽ ആറ് സെഞ്ച്വറിയും മുൻ നായകൻ സ്വന്തമാക്കിയിട്ടുണ്ട്.

ആരാധകരുടെ ഇടയിലും ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ചയാകുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരങ്ങൾ നവംബർ 22നാണ് ആരംഭിക്കുന്നത്. ആസ്ട്രേലിയയാണ് ഇത്തവണ പരമ്പരക്ക് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്ക് നാല് മത്സരത്തിൽ എങ്കിലും ജയിക്കേണ്ടതുണ്ട്.

Tags:    
News Summary - kris srikanth supports virat kohi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.