ആശ ശോഭന, സജന സജീവൻ

വനിത ട്വന്‍റി20 ലോകകപ്പ്: കേരളത്തിന്‍റെ അഭിമാനമായി ആശയും സജനയും ഇന്ത്യൻ ടീമിൽ

മുംബൈ: ഒക്ടോബർ മൂന്ന് മുതൽ 20 വരെ യു.എ.ഇയിൽ നടക്കുന്ന വനിത ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇടംനേടി. സ്മൃതി മന്ഥനയാണ് 15 അംഗ സംഘത്തിന്‍റെ വൈസ് ക്യാപ്റ്റൻ. നേരത്തെ ബംഗ്ലാദേശിൽ നടത്താനിരുന്ന ടൂർണമെന്‍റ്, സംഘർഷ സാഹചര്യത്തിൽ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.

പരിക്കിൽനിന്ന് പൂർണ മോചിതരാകാത്ത യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടിൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിന് മുമ്പ് ഫിറ്റനസ് വീണ്ടെടുത്താൽ മാത്രമേ ഇരുവരെയും ടീമിനൊപ്പം കൊണ്ടുപോകുകയുള്ളൂ. ഉമ ഛേത്രി, തനൂജ കൻവർ, സൈമ ഠാക്കൂർ എന്നിവർ ടീമിനൊപ്പം റിസർവ് താരങ്ങളായെത്തും. രാഘവി ബിസ്ത്, പ്രിയ മിശ്ര എന്നിവർ നോൺ ട്രാവലിങ് റിസർവ് താരങ്ങളാണ്.

ആസ്ട്രേലിയ, ന്യൂസീലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം പാകിസ്താനെയും ഒമ്പതിന് ശ്രീലങ്കയേയും ഇന്ത്യ നേരിടും. ഷാർജയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ അവസാന ഗ്രൂപ്പ്ഘട്ട മത്സരം കളിക്കും.

വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ സംഘം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ദലാൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടിൽ, സജന സജീവൻ.

ഈ വർഷം നടന്ന ബംഗ്ലാദേശ് പര്യടനത്തിലൂടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി 32കാരി ആശ ശോഭന മാറിയത്. അതേസമയം, യുവതാരം മിന്നു മണിയെ പരിഗണിക്കാത്തത് കേരളത്തിനു നിരാശയായി. ആസ്ട്രേലിയക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി മിന്നു മണി തിളങ്ങിയിരുന്നു.

Tags:    
News Summary - 2 Kerala players included in India Squad for Women's T20I World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.