മുംബൈ: ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവംശി. ശനിയാഴ്ച ബിഹാറിനുവേണ്ടി വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് കൗമാര താരത്തെ തേടി മറ്റൊരു നേട്ടമെത്തിയത്. എന്നാൽ, അരങ്ങേറ്റ മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല.
നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയ വൈഭവ്, തൊട്ടടുത്ത പന്തിൽ പുറത്തായി. ആര്യൻ ആനന്ദ് എറിഞ്ഞ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്. അലി അക്ബറിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 1999-2000 സീസണിൽ അലി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ പ്രായം 14 വയസ്സും 51 ദിവസവും. വൈഭവിന് 13 വയസ്സും 269 ദിവസവും. രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവിന്‍റെ പേരിലാണ്. ഇന്ത്യൻ അണ്ടർ 19 താരമാണ്.
നേരത്തെ, ഐ.പി.എൽ മെഗാ താര ലേലത്തിലും വൈഭവ് ചരിത്രം കുറിച്ചിരുന്നു. ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കാനായി സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും സൗദിയിലെ റിയാദിൽ വാശിയേറിയ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ 1.10 കോടി രൂപക്കാണ് പതിമൂന്നുകാരനെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്. നേരത്തെ, ഐ.പി.എൽ താര ലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.
യൂത്ത് ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 62 പന്തിൽ 104 റൺസാണ് താരം അടിച്ചെടുത്തത്. മത്സര ക്രിക്കറ്റിന്‍റെ 170 വർഷത്തെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ സമയം വൈഭവിന്‍റെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ വൈഭവിന്‍റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബിഹാർ 46.4 ഓവറിൽ 196 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് 25.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.