ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം ഛത്തീസ്ഗഡിനെ എട്ടു വിക്കറ്റിന് തോൽപിച്ചു. ഓപ്പണർ പി. രാഹുലിന്‍റെ സെഞ്ച്വറിയുടെ വക്കോളമെത്തിയ അപരാജിത പ്രകടനമാണ് കേരളത്തിന് കരുത്തായത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഛത്തീസ്ഗഡ് 48.1 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 83 പന്തും എട്ടു വിക്കറ്റും ബാക്കി നിൽക്കെ കേരളം വിജയത്തിലെത്തി. രാഹുൽ 106 പന്തിൽ ഏഴു ഫോറും നാലു സിക്സും ഉൾപ്പെടെ 92 റൺസുമായി പുറത്താകാതെ നിന്നു. നായകൻ സച്ചിൻ ബേബി 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്തു. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (26 പന്തിൽ 22), വത്സൽ ഗോവിന്ദ് (69 പന്തിൽ 35) എന്നിവരാണ് പുറത്തായ താരങ്ങൾ.
ഛത്തീസ്ഗഡ് നിരയിൽ 62 പന്തിൽ 40 റൺസെടുത്ത അശുതോഷ് സിങ്ങാണ് ടോപ് സ്കോറർ. അജയ് മണ്ഡൽ (54 പന്തിൽ 30), തിവാരി (38 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി അഖിൽ സ്കറിയ 9.1 ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. എൻ.പി. ബേസിൽ മൂന്നു വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.