സ്റ്റാർക്കിന്‍റെ റെക്കോഡ് അപകടത്തിൽ! ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരത്തെ പ്രവചിച്ച് ഇർഫാൻ പത്താൻ

മുംബൈ: ക്രിക്കറ്റ് ലോകത്തെ അത്ഭുദപ്പെടുത്തിയാണ് ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് 2024 ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരമായത്. 24.75 കോടി രൂപക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തത്. ഐ.പി.എൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

എന്നാൽ, സീസണിൽ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇത്തവണ സ്റ്റാർക്കിനെ ടീം കൈവിടുകയും ചെയ്തു. ഇതിനിടെയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ സ്റ്റാർക്കിന്‍റെ റെക്കോഡിന് കുറഞ്ഞ ആയുസ്സ് മാത്രമേയുള്ളൂവെന്ന് പ്രവചിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്ററും ഡൽഹി ക്യാപിറ്റൽസ് മുൻ നായകനുമായ ഋഷഭ് പന്ത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് പത്താൻ എക്സിൽ കുറിച്ചു.

പന്തിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉൾപ്പെടെയുള്ള ടീമുകൾ ചരടുവലിക്കുന്നുണ്ട്. ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ എന്നിവരെയും ഡല്‍ഹി ഒഴിവാക്കിയിരുന്നു. വരുന്ന സീസണിൽ ഡൽഹിയെ അക്സർ പട്ടേൽ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 16.50 കോടി മുടക്കിയാണ് താരത്തെ ഡല്‍ഹി നിലനിര്‍ത്തിയത്. ‘മിച്ചൽ സ്റ്റാർക്കിന്‍റെ ലേല റെക്കോഡ് അപകടത്തിലാണ്. അത് തകർക്കാൻ പന്ത് ഒരുങ്ങുകയാണ്’ -ഇർഫാൻ പത്താൻ എക്സിൽ കുറിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒന്നര വർഷത്തെ ഇടവേളക്കുശേഷം മത്സരക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് മികച്ച ഫോമിലാണ്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത് പന്തു മാത്രമാണ്. ഐ.പി.എൽ മെഗാ ലേലത്തിനുള്ള കളിക്കാരുടെ പട്ടിക ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 574 കളിക്കാർ പട്ടികയിലുണ്ട്. ഇതിൽ 366 പേർ ഇന്ത്യയിൽനിന്നും 208 പേർ വിദേശത്തുനിന്നുമാണ്. 204 കളിക്കാരെയാണ് ലേലത്തിലൂടെ ടീമുകൾക്ക് സ്വന്തമാക്കാൻ കഴിയുന്നത്. ഇതിൽ 70 എണ്ണം വിദേശതാരങ്ങളുടെ ക്വാട്ടയാണ്. രണ്ടുകോടിയാണ് ഉയർന്ന അടിസ്ഥാനവില. ഇതിൽ 81 കളിക്കാരുണ്ട്. ഈമാസം 24, 25 തീയതികളിൽ ജിദ്ദയിലാണ് ലേലം.

Tags:    
News Summary - Irfan Pathan picks new most expensive player ahead of IPL 2025 mega auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.