ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ സാധാരണക്കാരനിൽനിന്ന് ഇന്ത്യൻ ടീമിലേക്കെത്തിയ റിങ്കു സിങ്ങിന്‍റെ ജീവിതയാത്ര കായികപ്രേമികൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായ റിങ്കു കഴിഞ്ഞ സീസണിൽ ടീമിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. മെഗാ താരലേലത്തിനു മുന്നോടിയായി കൊൽക്കത്ത നിലനിർത്തിയ താരങ്ങളുടെ കൂട്ടത്തിൽ റിങ്കുവുമുണ്ട്. 13 കോടി രൂപക്കാണ് താരത്തെ കൊൽക്കത്ത നിലനിർത്തിയത്.
ഇതിനു പിന്നാലെ റിങ്കു തന്‍റെ സ്വന്തം നാടായ അലിഗഡിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിൽ മൂന്ന് നിലകളിലായുള്ള ബംഗ്ലാവിന് മൂന്നര കോടി രൂപയാണ് വിലയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ആറ് കിടപ്പറകളും നീന്തൽക്കുളവുമുള്ള ബംഗ്ലാവിൽ, തന്‍റെ ക്രിക്കറ്റ് യാത്രയിലെ പ്രധാന നേട്ടങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥലവും റിങ്കു ഒരുക്കിയിട്ടുണ്ട്. സ്വന്തമായി നല്ലൊരു വീട് എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും എല്ലാം ദൈവത്തിന്‍റെ പദ്ധതിയാണെന്നും റിങ്കു പറയുന്നു.
സാമ്പത്തിക ഞെരുക്കമുള്ള കുടുംബത്തിൽ ജനിച്ച റിങ്കു, തുടക്ക കാലത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ കോച്ചിങ് സെന്‍ററിലെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയതാണ് താരത്തിന്‍റെ കളിജീവിതത്തിൽ വഴിത്തിരിവായത്. 2023ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ അടിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള വാതിലും റിങ്കുവിന് മുന്നിൽ തുറന്നു. ഫിനിഷർ റോളിൽ കെ.കെ.ആറിന്‍റെ വിശ്വസ്ത താരത്തെ വീണ്ടും ക്രീസിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.