തുടർച്ചയായ സെഞ്ച്വറികളുമായി ടീം ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രാജ്യാന്തര കരിയറിൽ താരത്തിന്‍റെ മികച്ച വർഷമാണ് 2024. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ സഞ്ജു ഇക്കൊല്ലത്തെ റൺവേട്ടയിലും സിക്സറുകളുടെ എണ്ണത്തിലും ഒന്നാം നമ്പർ ഇന്ത്യൻ താരമായിരിക്കുകയാണ്. നിലവിലെ ലോക മൂന്നാം നമ്പർ ബാറ്റർ കൂടിയായ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും ഹിറ്റ്മാൻ രോഹിത് ശർമയെയും പിന്തള്ളിയാണ് സഞ്ജുവിന്റെ കുതിപ്പ്. ഇക്കൊല്ലം ഇന്ത്യക്കിനി അവശേഷിക്കുന്നത് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ്. അതിനാൽ സഞ്ജുവിന്‍റെ റൺനേട്ടം ഇക്കൊല്ലം ഒന്നാമതു തന്നെ നിലനിൽക്കും
ഇക്കൊല്ലം കളിച്ച 12 ഇന്നിങ്സിൽനിന്ന് 43.60 ശരാശരിയിൽ 436 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 180.16 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. കലണ്ടർ വർഷം മൂന്ന് ടി20 സെഞ്ച്വറികൾ നേടിയ സഞ്ജു ഇക്കാര്യത്തിൽ റെക്കോഡും സ്വന്തം പേരിലാക്കി. എന്നാൽ അഞ്ച് ഡക്കും താരത്തിന്‍റെ പേരിലുണ്ട്. 17 ഇന്നിങ്സിൽനിന്ന് 26.81 ശരാശരിയിൽ 429 റൺസ് നേടിയ സൂര്യകുമാർ, ഇക്കൊല്ലം ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കാണ് വഹിച്ചത്. 151.59 സ്ട്രൈക്ക് റേറ്റിൽ ബാറ്റുവീശിയ താരം ഇക്കൊല്ലം നാല് അർധ സെഞ്ച്വറിയും സ്വന്തമാക്കി.
ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഹിറ്റ്മാൻ രോഹിത് ശർമയാണ് പട്ടികയിലെ മൂന്നാമൻ. 11 ഇന്നിങ്സിൽനിന്നായി 42 ശരാശറിയിൽ 378 റൺസാണ് രോഹിത് ഇന്ത്യക്കായി നേടിയത്. 160.16 സ്ട്രൈക്ക് റേറ്റിൽ കളിച്ച താരം ഇക്കൊല്ലം ടി20യിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും നേടി. മധ്യനിരയിൽ ഇന്ത്യക്ക് കരുത്തുപകരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് നാലാമതുള്ളത്. 14 ഇന്നിങ്സിൽനിന്നായി 352 റൺസ് നേടിയ താരം ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 150.42ഉം ശരാശരി 44ഉം ആണ്.
ദക്ഷിഫ്രിക്കക്കെതിരെ വമ്പൻ പ്രകടനം പുറത്തെടുത്ത തിലക് വർമയാണ് പട്ടികയിൽ അഞ്ചാമൻ. കേവലം അഞ്ച് ഇന്നിങ്സിൽ 102 ശരാശരിയിൽ 306 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 187.73 ആണ് പ്രഹരശേഷി. സിക്സറുകളുടെ എണ്ണത്തിലും സഞ്ജു തന്നെയാണ് ഇന്ത്യൻ നിരയിൽ ഒന്നാമത്. ലോകകപ്പ് കളിച്ചില്ലെങ്കിലും 31 സിക്സറുകളാണ് സഞ്ജു നേടിയത്. രോഹിത് ശർമ (23), സൂര്യകുമാർ യാദവ് (22), തിലക് വർമ (21), അഭിഷേക് ശർമ (19), ഹാർദിക് പാണ്ഡ്യ (19) എന്നിവരാണ് പിന്നാലെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.