സെഞ്ച്വറി തികച്ച അഭിഷേക് ശർമ കാണികളെ അഭിവാദ്യം ചെയ്യുന്നു

82*...പിന്നെ തുടരെ മൂന്നു സിക്സ്..ഹരാരെയിൽ ഹരമായി അഭിഷേകിന്റെ സെഞ്ച്വറി

ഹരാരെ: രണ്ടാം ട്വന്റി20യിൽ സിംബാബ്വെക്കെതിരെ വമ്പൻ സ്കോർ പടുത്തുയർത്തി ഇന്ത്യ. തന്റെ രണ്ടാം ട്വന്റി20യിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് കന്നി സെഞ്ച്വറി കരസ്ഥമാക്കിയ യുവതാരം അഭി​ഷേക് ശർമയാണ് ക്രീസിൽ ഇന്ത്യൻ പടയോട്ടത്തിന് ചുക്കാൻ പിടിച്ചത്. അഭിഷേകിന് കൂട്ടായി റിതുരാജ് ഗെയ്ക്ക്‍വാദും (77 നോട്ടൗട്ട്) റിങ്കുസിങ്ങും (48 നോട്ടൗട്ട്) ആഞ്ഞടിച്ചപ്പോൾ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 234 റൺസ്!

ആദ്യ ട്വന്റി20യിൽ പരാജയം നേരിട്ട ഇന്ത്യ ഹരാരെയിൽ ഇന്ന് രണ്ടും കൽപിച്ചായിരുന്നു. രണ്ടാം ഓവറിൽ രണ്ടു റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അമ്പേ പരാജയമായെങ്കിലും അഭിഷേകും ഗെയ്ക്ക്‍വാദും തരിമ്പും ഭീതിയിലാണ്ടില്ല. ആതിഥേയ ബൗളർമാരെ കണക്കിന് ശിക്ഷിച്ച് ഇരുവരും കത്തിക്കയറിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു.

47 പന്തിൽ ഏഴു ഫോറും എട്ടു സിക്സുമടക്കം 100 റൺസ് തികച്ചതിന് പിന്നാലെയാണ് അഭിഷേക് മടങ്ങിയത്. വ്യക്തിഗത സ്കോർ 82ൽ നിൽക്കെ തുടരെ മൂന്ന് സിക്സറുകൾ പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. അവസാനം നേരിട്ട 16 പന്തുകളിൽ പത്തും അതിർത്തി കന്നു. ഇതിൽ ആറും സിക്സറുകളായിരുന്നു. ഒടുവിൽ വെല്ലിങ്ടൺ മസാക്കാസയുടെ പന്തിൽ മയേഴ്സ് പിടിച്ചാണ് പുറത്തായത്. ടീം സ്കോർ അ​പ്പോൾ 147 റൺസെന്ന നിലയിലായിരുന്നു.

അവസാന ഘട്ടത്തിൽ ഗെയ്ക്ക്വാദും റിങ്കുവും പഴുതുകളൊന്നും നൽകാതെ ആഞ്ഞടിച്ച​​തോടെ സ്കോർ 200 കടന്നു. 47പന്ത് നേരിട്ട ഗെയ്ക്ക്‍വാദ് 11 ഫോറും ഒരു സിക്സുമടിച്ചപ്പോൾ 22 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സുമടക്കമാണ് റിങ്കു 48ലെത്തിയത്.

Tags:    
News Summary - Abhishek Sharma hits ton, India posts huge total in T20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.