ഐ.പി.എൽ 2023 സീസണിലെ നാല് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനങ്ങളുമായി മുന്നേറുകയാണ് വെറ്ററൻ താരങ്ങൾ. 'വയസ്സന്മാർ' എന്ന് പറഞ്ഞു അടുത്തകാലത്തൊന്നും തങ്ങളെ മാറ്റി നിർത്താൻ കഴിയില്ലെന്ന് ഓരോ കളിയിലും ഇവർ തെളിയിക്കുന്നു. പഴകും തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്ന അഞ്ചുപേരെക്കുറിച്ച്...
ചെന്നൈ സൂപ്പർ കിങ്സ്
27 പന്തിൽ 58 റൺസ് (സ്ട്രൈക് റേറ്റ്: 214.81)
നിലവിൽ ഐ.പി.എൽ കളിക്കുന്നവരിൽ പ്രായത്തിൽ മുതിർന്നയാൾ ചെന്നൈ സൂപ്പർ കിങ്സിന്റെ 'തല' തന്നെ. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ചെന്നൈ നായകനെന്ന നിലയിൽ എം.എസ്. ധോണിയുടെ 200ാമത്തെയായിരുന്നു. ഇത് റെക്കോഡാണ്.
നാല് വർഷം മുമ്പ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ധോണി, ഇക്കൊല്ലവും ചെന്നൈയുടെ മിന്നും താരമാണ്. രാജസ്ഥാനെതിരായ കളിയിൽ തോൽവി ഉറപ്പിച്ചിരിക്കെ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിച്ച ധോണി 17 പന്തിൽ 32 റൺസുമായി പുറത്താവാതെ നിന്നു.
ഈ സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏഴ് പന്തിൽ 14 നോട്ടൗട്ട്, തുടർന്ന് ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ രണ്ട് സിക്സറിന്റെ അകമ്പടിയോടെ മൂന്ന് പന്തിൽ 12 എന്നിങ്ങനെ. മുംബൈ ഇന്ത്യൻസുമായി നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ചോരാത്ത കൈകളുമായി വിക്കറ്റിന് പിറകിലും ജാഗ്രതയോടെ ധോണിയുണ്ട്.
ലഖ്നോ സൂപ്പർ ജയന്റ്സ്
ഏഴ് ഓവറിൽ 41 റൺസിന് മൂന്ന് വിക്കറ്റ് (ഇക്കണോമി: 5.86)
ലെഗ് സ്പിന്നറായ അമിത് മിശ്ര ആറ് വർഷം മുമ്പാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. നിലവിലെ ഐ.പി.എൽ സീസണിൽ ലഖ്നോ സൂപ്പർ ജയന്റ്സിനായി രണ്ട് മത്സരങ്ങൾ കളിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു ഇരയെയും കിട്ടി. ഇടവേളക്കു ശേഷമാണ് താരം ഐ.പി.എല്ലിൽ തിരിച്ചെത്തുന്നത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
101 പന്തിൽ 175 റൺസ് (സ്ട്രൈക് റേറ്റ്: 173.27)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ നായകനായ ദക്ഷിണാഫ്രിക്കക്കാരനായ ഓപണർ ഫാഫ് ഡു പ്ലസിസ്. രണ്ട് വർഷത്തിലധികമായി അന്താരാഷ്ട്ര തലത്തിലില്ലെങ്കിലും ഐ.പി.എല്ലിലെ ശക്തമായ സാന്നിധ്യം. മുംബൈ ഇന്ത്യൻസിനെതിരെ 43 പന്തിൽ ആറ് സിക്സറടക്കം 73 റൺസ് നേടി ടീമിനെ ജയത്തിലെത്തിച്ച് പ്ലെയർ ഓഫ് ദ മാച്ചായി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിലും വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും 12 പന്തിൽ 23 റൺസെടുത്ത് നിൽക്കെ പുറത്തായി. ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ അപരാജിതനായി 46 പന്തിൽ 79.
ഗുജറാത്ത് ടൈറ്റൻസ്
59 പന്തിൽ 86 റൺസ് (സ്ട്രൈക് റേറ്റ്: 145.86)
ഇന്ത്യക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരം കളിക്കാൻ പോലും അവസരം ലഭിക്കാതെ പോയ വിക്കറ്റ് കീപ്പർ ബാറ്ററാണ് വൃദ്ധിമാൻ സാഹ. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം വർഷങ്ങളായി ഇന്ത്യൻ ടീമിന് പുറത്താണ്.
എന്നാൽ, ഐ.പി.എല്ലിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു ഗുജറാത്ത് ടൈറ്റൻസ് ഓപണർ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 16 പന്തിൽ 25, ഡൽഹി കാപിറ്റൽസിനെതിരെ ഏഴ് പന്തിൽ 14, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 17 പന്തിൽ 17, പഞ്ചാബ് കിങ്ങ്സിനെതിരെ 19പന്തിൽ 30 എന്നിങ്ങനെ നേടി. വിക്കറ്റിന് പിറകിലും ഫോമിലാണ് സാഹ.
പഞ്ചാബ് കിങ്സ്
159 പന്തിൽ 233 റൺസ് (സ്ട്രൈക് റേറ്റ്: 146.54)
ഇന്ത്യൻ ടീമിൽ കഴിഞ്ഞ കുറച്ചുനാളായി തനിക്ക് ഇടമില്ലാത്തതിനെ ഉജ്വലപ്രകടനത്താൽ വെല്ലുവിളിക്കുന്നു പഞ്ചാബ് കിങ്സ് നായകനായ ശിഖർ ധവാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 29 പന്തിൽ 40ൽ തുടങ്ങി. പിന്നെ രാജസ്ഥാൻ റോയൽസിനെതിരെ പുറത്താവാതെ 56 പന്തിൽ 86.
ഈ ഐ.പി.എല്ലിൽ ആദ്യ ശതകം ധവാൻ സ്വന്തം പേരിലാക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിൽ 66 പന്തിൽ 99 റൺസ് നോട്ടൗട്ട്. നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ എട്ട് പന്തിൽ എട്ട് റൺസെടുത്ത് പുറത്തായെങ്കലും സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് തൊപ്പി ജേതാവാൻ സാധ്യതയുള്ളവരിൽ നിലവിൽ ഒന്നാമനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.