ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ നാട്ടിലെത്തി. വ്യാഴാഴ്ച രാവിലെയാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്.
ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് ബ്രിസ്ബെയ്നിൽ അശ്വിൻ ഏവരെയും ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ അശ്വിൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നായകൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിൽനിന്ന് അശ്വിൻ പുറത്തേക്ക് ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
താരത്തെ സ്വീകരിക്കാൻ ഒട്ടേറെപ്പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കാത്തുനിന്ന മാധ്യമങ്ങളോടും ആരാധകരോടും കാര്യമായൊന്നും സംസാരിക്കാതിരുന്ന അശ്വിൻ, കുടുംബത്തോടൊപ്പം വാഹനത്തിൽ കയറി നേരെ വീട്ടിലേക്കു പോയി. ഭാര്യയും കുട്ടികളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ചെന്നൈയിലെ വീട്ടിൽ വലിയ സ്വീകരണമാണ് താരത്തിന് നൽകിയത്. ബാൻഡ് മേളത്തിനൊപ്പം പൂക്കൾ വിതറിയാണ് താരത്തെ വരവേറ്റത്. താരത്തെ ചേർത്തുപിടിച്ച പിതാവ് കവിളിൽ ചുംബിച്ചു, ഈസമയം സമീപത്തുണ്ടായിരുന്ന മാതാവിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നാലെ അശ്വിനെ വാരിപുണർന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ആസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയുടെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമാണ് കളി നിർത്താൻ തീരുമാനിച്ചത്. സഹതാരങ്ങൾക്കും ബി.സി.സി.ഐക്കും നന്ദി പറഞ്ഞ അശ്വിൻ, ഇത് വൈകാരിക നിമിഷമാണെന്നും പറഞ്ഞു. 38കാരനായ അശ്വിൻ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ്. 106 ടെസ്റ്റുകളിൽ 537 ഇരകളെയാണ് ഈ ചെന്നൈക്കാരൻ വീഴ്ത്തിയത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തിയ അശ്വിൻ ഐ.പി.എല്ലിൽ അടുത്ത സീസണ് ശേഷം വിരമിക്കുമെന്നാണ് സൂചന.
ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ അവസാന ദിനമാണ് ഇന്നെന്ന് ബുധനാഴ്ച ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വാർത്തസമ്മേളനത്തിൽ കൂടെയെത്തിയ അശ്വിൻ പറഞ്ഞു. ഇന്ന് താരം ഇന്ത്യയിലേക്ക് തിരിക്കും. ഓസീസിനെതിരെ രണ്ടാം ടെസ്റ്റിൽ മാത്രമാണ് നിലവിലെ പരമ്പരയിൽ അശ്വിനെ കളിപ്പിച്ചത്. എൻജിനീയറിങ് ബിരുദമുള്ള അശ്വിൻ ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.