‘എന്‍റെ അനുവാദമില്ലാതെ അത് വേണ്ട’; ആസ്ട്രേലിയൻ പാപ്പരാസികളോട് കയർത്ത് കോഹ്‌ലി -വിഡിയോ

മെൽബൺ: മക്കളായ വാമിക, അകായ് എന്നിവരുടെ സ്വകാര്യതക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ അനുവാദമില്ലാതെ ചിത്രം പകർത്തരുതെന്ന് നേരത്തെ കോഹ്‌ലി മാധ്യമങ്ങളോട് അഭ്യർഥിച്ചിട്ടുമുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയുടെ ഭാഗമായി വിരാടിനൊപ്പം ആസ്ട്രേലിയയിലാണ് കുടുംബമിപ്പോൾ.

ഇതിനിടെ മെൽബൺ വിമാനത്താവളത്തിൽ ഫോട്ടോ എടുക്കാനാൻ ശ്രമിച്ച ആസ്ട്രേലിയൻ പാപ്പരാസികളോട് കോഹ്‌ലി കയർത്തു സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടികൾക്കു നേരെ മാധ്യമപ്രവർത്തകരുടെ ക്യാമറ തിരിഞ്ഞതോടെയാണ് കോഹ്‌ലി ക്ഷുഭിതനായത്. കുട്ടികളോടൊപ്പമായിരിക്കുമ്പോൾ തനിക്ക് കുറച്ച് സ്വകാര്യത വേണമെന്നും ചോദിക്കാതെ ഫോട്ടോ എടുക്കരുതെന്നും കോഹ്‌ലി പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

കോഹ്‌ലി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ഓസീസ് പേസർ സ്കോട്ട് ബോളണ്ടുമായി മാധ്യമപ്രവർത്തകർ സംസാരിക്കുകയായിരുന്നു. എന്നാൽ കോഹ്‌ലിയും അനുഷ്കയും പുറത്തിറങ്ങിയതിനു പിന്നാലെ ക്യാമറ ഇവർക്കു നേരെ തിരിഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോഹ്‌ലി ദേഷ്യപ്പെട്ടത്. എന്നാൽ കുട്ടികളുടെ ചിത്രം പകർത്തിയിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചതോടെ താരം ശാന്തനായി.

ഏതാനും ദിവസം മുമ്പ് ഇന്ത്യ -ഓസീസ് ടെസ്റ്റിനിടെ സ്റ്റാൻഡ്സിൽ ഇരിക്കുന്ന അനുഷ്കയുടെ ചിത്രം വൈറലായിരുന്നു. താരത്തിനു സമീപം കണ്ട കുട്ടി അകായ് ആണെന്ന തരത്തിൽ പ്രചാരണവുമുണ്ടായിരുന്നു. എന്നാൽ, അത് സൃഹൃത്തിന്‍റെ മകളാണെന്ന് പിന്നീട് അനുഷ്ക വെളിപ്പെടുത്തിയിരുന്നു. അതേസമയം ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്താൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Tags:    
News Summary - Virat Kohli loses his cool on Australian paps at Melbourne airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.