ചെന്നൈ: തന്നെ വിരമിക്കലിലേക്ക് നയിച്ചത് ടീം മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടായ അപമാനിക്കലാണെന്ന പിതാവിന്‍റെ പ്രതികരണത്തിൽ രസകരമായ മറുപടിയുമായി ആർ. അശ്വിൻ. പിതാവ് ‘മീഡിയ ട്രെയിൻഡ്’ അല്ലെന്നും അദ്ദേഹം ‘ഡാഡ് സ്റ്റേറ്റ്മെന്‍റി’ന്‍റെ പാരമ്പര്യം തുടരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അശ്വിൻ എക്സിൽ കുറിച്ചു. ‘ഡേയ് ഫാദർ, എന്നഡാ ഇതെല്ലാം’ എന്നു ചോദിക്കുന്ന പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
“എന്‍റെ പിതാവ് മീഡിയ ട്രെയിൻഡ് അല്ല, ഡേയ് ഫാദർ, എന്നഡാ ഇതെല്ലാം. ഡാഡ് സ്റ്റേറ്റ്മെന്‍റിന്‍റെ വലിയ പാരമ്പര്യം നിങ്ങൾ പിന്തുടരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും അദ്ദേഹത്തോട് ക്ഷമിച്ച് വെറുതെ വിടണമെന്ന് അഭ്യർഥിക്കുന്നു” -അശ്വിൻ എക്സിൽ കുറിച്ചു. നേരത്തെ അശ്വിന്‍റെ പെട്ടെന്നുള്ള വിരമിക്കലിനു കാരണം നിരന്തരമായി അപമാനിതനാകേണ്ടിവന്നതാണെന്ന് പിതാവ് രവിചന്ദ്രൻ പറഞ്ഞിരുന്നു. ഇത് വലിയ തോതിൽ ചർച്ചയായതോടെയാണ് അശ്വിൻ ട്വീറ്റുമായി രംഗത്തുവന്നത്.
“വിരമിക്കണോ വേണ്ടയോ എന്നതെല്ലാം അശ്വിന്‍റെ തീരുമാനമാണ്. എന്നാൽ അത് പ്രഖ്യാപിച്ച രീതി... അതിനു പിന്നിലെ കാരണങ്ങൾ അശ്വിന് മാത്രമേ വ്യക്തമായി പറയാനാകൂ. കുടുംബത്തിന് ഇത് വൈകാരിക നിമിഷമാണ്. ക്രിക്കറ്റിൽ ഇനിയും അവന് തുടരാമായിരുന്നു എന്ന് തോന്നി. 14-15 വർഷത്തോളം ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അശ്വിൻ. പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഞങ്ങളെ ഞെട്ടിച്ചു. എന്നാൽ, തുടർച്ചയായി ടീമിൽ അപമാനിതനാകുന്നതിനാൽ ഏത് സമയത്തും ഞങ്ങളിത് പ്രതീക്ഷിച്ചിരുന്നു. എത്ര നാൾ ഇതെല്ലാം സഹിക്കാനാകും? മിക്കവാറും വിരമിക്കൽ തീരുമാനം സ്വയം സ്വീകരിച്ചതാകും” - എന്നിങ്ങനെയായിരുന്നു രവിചന്ദ്രന്‍റെ പ്രതികരണം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ക്രിക്കറ്റിൽ, പ്രത്യേകിച്ച് ടെസ്റ്റിൽ ഒരു മുൻനിര താരമാണ് അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കരിയർ അവസാനിപ്പിക്കുന്നത്. ബോർഡർ -ഗവാസ്കർ ട്രോഫി പരമ്പരക്കായി ആസ്ട്രേലിയയിലെത്തിയ അശ്വിൻ പിങ്ക് ബാൾ ടെസ്റ്റിൽ മാത്രമാണ് കളത്തിലിറങ്ങിയത്. പെർത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ വാഷിങ്ടൺ സുന്ദറിനെ മാറ്റിയാണ് അശ്വിന് അവസരം നൽകിയത്. ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജദേജ അന്തിമ ഇലവനിൽ വന്നതോടെ അശ്വിൻ വീണ്ടും സൈഡ് ബെഞ്ചിലായി. ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറല്ല അശ്വിനെന്ന സന്ദേശം ഇതിലൂടെ ടീം മാനേജ്മെന്‍റ് നൽകിയതായും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.