അബൂദബി: നമീബിയ അഫ്ഗാനിസ്താന് ഒത്ത എതിരാളികളേ ആയിരുന്നില്ല. 62 റൺസിന് നമീബിയയെ തകർത്ത് അഫ്ഗാൻ ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ഈ മത്സരത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച വെറ്ററൻ താരം അസ്ഗർ അഫ്ഗാന് വിജയത്തോടെ യാത്രയപ്പ് നൽകാൻ ടീമിനായി. അഫ്ഗാൻ ഉയർത്തിയ 160 റൺസ് പിന്തുടർന്നിറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ 98 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നവീനുൽ ഹഖും ഹാമിദ് ഹസനുമാണ് നമീബിയയെ ചുരുട്ടിക്കൂട്ടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഓപ്പണർമാരായ ഹസ്റത്തുള്ള സസായിയും (27 പന്തിൽ 33) മുഹമ്മദ് ഷഹ്സാദും (33 പന്തിൽ 45) മികച്ച തുടക്കമാണ് നൽകിയത്. അസ്ഗർ അഫ്ഗാൻ 23 പന്തിൽ 31ഉം മുഹമ്മദ് നബി 17 പന്തിൽ 32 റൺസുമെടുത്തു. മികച്ച പ്രകടനം നടത്തി മടങ്ങിയ അസ്ഗറിന് ടീമംഗങ്ങൾ ആദരവ് നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് അഫ്ഗാൻ ബൗളിങ്ങിന് മുന്നിൽ ചെറുത്തുനിൽക്കാൻ പോലുമായില്ല. 30 പന്തിൽ 26 റൺസെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോററർ. ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനെ തകർത്ത അഫ്ഗാൻ രണ്ടാം മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച മാർജിനിൽ വിജയിച്ചത് അഫ്ഗാന് റൺറേറ്റിൽ വലിയ ആധിപത്യം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.