ആസ്ട്രേലിയയിൽ കംഗാരുക്കൾക്കെതിരെ ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ ഇംഗ്ലീഷുകാരെ നേരിടുന്നതിന് മുന്നോടിയായി ക്വാറന്‍റീനിൽ കഴിയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ചെന്നൈയിൽ വെച്ച് ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ അജിൻക്യ രഹാനെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ സൂര്യയുടെ ഏറ്റവും പുതിയ വിജയ ചിത്രമായ 'സൂരറൈ പോട്രു' കണ്ട വിവരം പങ്കുവെച്ചത് ആഘോഷമാക്കിയിരിക്കുകയാണ് തമിഴ് ആരാധകർ. സുധ െകാങ്ങര സംവിധാനം ചെയ്ത ചിത്രത്തിൽ മാരനായി നിറഞ്ഞാടിയ സൂര്യയുടെ പ്രകടനം രഹാനെ എടുത്ത് പറയുന്നുണ്ട്.
ശേഷം കൂടുതൽ തമിഴ് സിനിമകൾ കാണാൻ താൽപര്യമുണ്ടെന്നും ഇതിനായി സ്പിന്നർ ആർ. അശ്വിന്‍റെ അഭിപ്രായം പരിഗണിക്കുമെന്നും രഹാനെ സൂചിപ്പിച്ചു.
തൊട്ടുപിന്നാലെ സൂപ്പർ താരം വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ 'മാസ്റ്റർ' കാണാനായിരുന്നു അശ്വിന്‍റെ നിർദേശം. കോവിഡ് കാലത്തിന് ശേഷം തുറന്ന തിയറ്ററുകളെ ആവേശത്തിലാക്കി വിജയകരമായി പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ് ചിത്രം.
ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റൻ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതകഥ ആസ്പദമാക്കിയെടുത്ത സൂരറൈ പോട്രു ഒ.ടി.ടി പ്ലാറ്റ്േഫാമായ ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രത്തിന് കഴിഞ്ഞ ദിവസം മറ്റൊരു അംഗീകാരം കൂടി തേടിയെത്തിയിരുന്നു.
ഓസ്‌കര്‍ ജനറല്‍ കാറ്റഗറിയില്‍ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച കംപോസര്‍ എന്നീ വിഭാഗങ്ങളിലായി മത്സരിക്കുകയാണ് ചിത്രം. സഹനിർമാതാവായ രാജശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് ഈ വിവരം പുറത്തുവിട്ടത്. ഇത്തവണ ഓണ്‍ലൈനായിട്ടാണ് അക്കാദമി അംഗങ്ങള്‍ ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്നത്.
സൂര്യയുടെ നായിക കഥാപാത്രമായ ബൊമ്മിയായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മലയാളി താരം അപര്‍ണ ബാലമുരളിയും കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ ഉര്‍വ്വശിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരേഷ് റാവല്‍, മോഹന്‍ ബാബു, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കിട്, അച്യൂത് കുമാര്‍ എന്നീ താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.