ന്യൂഡൽഹി: ശ്രീലങ്കൻ ഇന്നിങ്സിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ശാകിബുൽ ഹസൻ ബൗൾ ചെയ്യുമ്പോഴാണ് ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി മടങ്ങിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ശാകിബിന്‍റെ അപ്പീൽ അംപയർ അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടാകുന്ന താരമെന്ന റെക്കോഡ് മാത്യൂസിന്‍റെ പേരിലായി.
തുടർന്ന് ശാകിബിനോടടക്കം മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ലങ്കൻ ടീമിലെ മുതിർന്ന താരങ്ങളിലൊരാളായ മാത്യൂസ് പിന്നാലെ രോഷത്തോടെയാണ് ഗ്രൗണ്ട് വിട്ടത്. ഒരു പന്തുപോലും നേരിടാനാകാതെ ഔട്ടായി പുറത്തുപോകേണ്ടി വന്നതിന്‍റെ നിരാശ താരത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നു. സമയത്തിന് ക്രീസിലെത്തി ബാറ്റിങ് ആരംഭിക്കാനിരിക്കെയാണ് ഹെൽമറ്റ് മാറിയെടുത്തത് താരത്തിന്‍റെ ശ്രദ്ധയിൽപെടുന്നത്.
ഉടൻ തന്നെ ഹെൽമറ്റ് കൊണ്ടുവരാൻ സഹതാരത്തിന് നിർദേശം നൽകി. എന്നാൽ, ഹെൽമെറ്റ് എത്തുമ്പോഴേക്കും സമയം കഴിഞ്ഞുപോയിരുന്നു. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ മനസ്സില്ല മനസ്സോടെ അമ്പയർ അംഗീകരിക്കുകയായിരുന്നു. എന്നാൽ, അതേ മത്സരത്തിൽതന്നെ ശാകിബിനെ പുറത്താക്കി മാത്യൂസ് മധുരപ്രതികാരം ചെയ്യുന്ന നാടകീയ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. സെഞ്ച്വറിയിലേക്കു നീങ്ങിയ ശാകിബിനെ മാത്യൂസ് തന്നെ പുറത്താക്കി.
65 പന്തിൽ 82 റൺസെടുത്ത് നിൽക്കെ മാത്യൂസ് എറിഞ്ഞ 32ാം ഓവറിലെ ആദ്യ പന്തിൽ തന്നെ താരം ചരിത് അസലങ്കക്ക് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. വിക്കറ്റെടുത്ത മാത്യൂസിന്‍റെ പെരുമാറ്റത്തിൽപ്രകടമായിരുന്നു പ്രതികാരം ചെയ്തതിന്‍റെ സന്തോഷം.
ശാകിബ് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ പ്രതീകാത്മകമായി വാച്ചിൽ നോക്കുന്ന ആംഗ്യം കാട്ടുന്നുണ്ടായിരുന്ന മാത്യൂസ്. നേരത്തെ, 11ാം ഓവറിൽ ഇതിന് അവസരമുണ്ടായിരുന്നെങ്കിലും ചരിത് അസലങ്ക ക്യാച്ച് വിട്ടുകളഞ്ഞു. മത്സരത്തിൽ ബംഗ്ലാദേശിനോട് മൂന്നു വിക്കറ്റിന് പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പിൽനിന്ന് സെമി കാണാതെ പുറത്താവുകയും ചെയ്തു. ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.