മെൽബൺ: ബോക്സിങ് ഡേ എന്നറിയപ്പെടുന്ന ക്രിസ്മസ് പിറ്റേന്ന് ബോർഡർ-ഗവാസ്കർ ട്രോഫി കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങുന്നു. വ്യാഴാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ആസ്ട്രേലിയയെ തോൽപിക്കാനായാൽ കപ്പ് രോഹിത് ശർമയുടെയും സംഘത്തിന്റെയും കരങ്ങളിൽ ഒരിക്കൽക്കൂടി ഭദ്രം. ജനുവരി ആദ്യവാരം നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഓസീസ് ജയിച്ച് പരമ്പര 2-2ന് സമനിലയിലായാലും നിലവിലെ ജേതാക്കളെന്ന ആനുകൂല്യത്തിൽ കിരീടം ഇന്ത്യക്കു തന്നെ ലഭിക്കുമെന്നതിനാലാണിത്. ആതിഥേയരെ സംബന്ധിച്ച് പ്രതീക്ഷ നിലനിർത്താൻ ജയത്തിൽ കുറഞ്ഞൊന്നും ആവശ്യമില്ല. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ 1-1 എന്ന നിലയിലാണ് പരമ്പരയിപ്പോൾ.
രോഹിത്തിനും ഓപണിങ് ബാറ്റർ കെ.എൽ. രാഹുലിനും പേസർ ആകാശ്ദീപിനും നെറ്റ്സിൽ പരിശീലനത്തിനിടെയുണ്ടായ പരിക്കുയർത്തിയ ആശങ്കകൾ നീങ്ങിയിട്ടുണ്ട്. മൂവരും കളിക്കാൻ ഫിറ്റാണ്. ആദ്യ മൂന്നു ടെസ്റ്റുകളിലെപ്പോലെ യശസ്വി ജയ്സ്വാളിനൊപ്പം രാഹുൽ ഇന്നിങ്സ് ഓപൺ ചെയ്യും. സമ്മിശ്രപ്രകടനങ്ങളാണ് ഇരുവരും പരമ്പരയിൽ നടത്തിയത്. എന്നാൽ, രോഹിതും ശുഭ്മൻ ഗില്ലും ഇനിയും ഫോമിലേക്കുയർന്നിട്ടില്ല. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ വിരാട് കോഹ്ലിയും താളംകണ്ടെത്താനാവാതെ പതറുകയാണ്. ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയിൽ ഇതുവരെ ഒരു അർധശതകം പോലും നേടാൻ കഴിഞ്ഞിട്ടില്ല. ഓൾ റൗണ്ടർ രവീന്ദ്ര ജദേജ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ വിരമിച്ചതോടെ ടീമിലെത്തിയ തനുഷ് കോടിയാൻ ബെഞ്ചിലിരിക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജും ആകാശ്ദീപും പേസ് ബൗളിങ് ഡിപ്പാർട്മെന്റിലുണ്ടാവും.
ഓസീസ് ടീമിൽനിന്ന് പുറത്തായ ഓപണർ നതാൻ മക്സ്വീനിക്ക് പകരമെത്തിയ 19കാരൻ സാം കോൺസ്റ്റാസിന് അന്താരാഷ്ട്ര അരങ്ങേറ്റം ഉറപ്പായിട്ടുണ്ട്. മിന്നും ഫോമിലുള്ള ബാറ്റർ ട്രാവിസ് ഹെഡിന്റെ പരിക്കാണ് പ്രധാന വെല്ലുവിളി. ഹെഡ് കളിക്കുന്നില്ലെങ്കിൽ ജോഷ് ഇൻഗ്ലിസിന് അവസരം ലഭിക്കും. പേസർമാരും സ്പിന്നർമാരും ഒരേപോലെ വിശ്വാസമർപ്പിക്കുന്ന പിച്ചാണ് എം.സി.ജിയിലേത്. ബോക്സിങ് ഡേയിൽ ഒമ്പത് ടെസ്റ്റുകൾ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തിൽ ജയിക്കുകയും അത്രയെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി/വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ആസ്ട്രേലിയ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഉസ്മാൻ ഖാജ, സാം കോൺസ്റ്റാസ്, മാർനസ് ലബുഷേൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്/ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നതൻ ലിയോൺ, സ്കോട്ട് ബൊളണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.