ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡ് കളത്തിൽ ഇറങ്ങും. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഹെഡ് ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയാക്കിയതോടെയാണ് കളിക്കുമെന്നുറപ്പിച്ചത്. നാലാം മത്സരത്തിൽ താരം കളിക്കില്ലെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിൽ രണ്ട് മാറ്റങ്ങളുമായാണ് ആസ്ട്രേലിയ പ്ലെയിങ് ഇലവൻ ഇറക്കുന്നത്.
മൂന്ന് മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ യുവതാരം നഥാൻ മക്സ്വീനി, പരിക്കേറ്റ സൂപ്പർതാരം ജോഷ് ഹെയ്‍സൽവുഡ് എന്നിവർ നാലാം മത്സരത്തിൽ ആസ്ട്രേലിയയുടെ അന്തിമ ഇലവനിൽ ഇടം നേടിയില്ല. മക്സ്വീനിക്ക് പകരം മറ്റൊരു യുവതാരമായ സാം കോൺസ്റ്റാസ് ആസ്ട്രേലിയക്കായി അരങ്ങേറ്റം കുറിക്കും. ജോഷ് ഹെയ്സൽവുഡിന് പകരം മറ്റൊരു പേസ് ബൗളറായ സ്കോട്ട് ബോളണ്ട് കളിക്കും. അഡ്ലെയ്‍ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഹെയ്സൽവുഡിന് പരിക്കേറ്റപ്പോൾ ബോളണ്ടായിരുന്നു കളത്തിൽ ഇറങ്ങിയത്. അഞ്ച് വിക്കറ്റ് താരം രണ്ട് മത്സരത്തിൽ നിന്നും നേടിയിരുന്നു.
നാളെയാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടിയിട്ടുണ്ട്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം കണ്ടെത്തിയപ്പോൾ രണ്ടാം മത്സരത്തിൽ അഡ്ലെയ്ഡിൽ ആസ്ട്രേലിയ ശക്തമായി തിരിച്ചുവന്നു. ഗാബ്ബയിൽ നടന്ന മൂന്നാം മത്സരം സമനിലയിൽ പിരിഞ്ഞു. നാലാം മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ഇന്ത്യ വിജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.