ഇന്ത്യ-പാകിസ്താൻ പോരാട്ടം ഫെബ്രുവരി 23ന് ദുബൈയിൽ; ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു

ദുബൈ: അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് പോരാട്ടം ഫെബ്രുവരി 23ന് ദുബൈയിൽ നടക്കും.

ഫെബ്രുവരി 19ന് കറാച്ചിയിലാണ് ഉദ്ഘാടന മത്സരം. ആദ്യമത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. പാകിസ്താനു പുറമെ, ബംഗ്ലാദേശ്, ന്യൂസിലൻഡ് ടീമുകളാണ് ഇന്ത്യക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെയും മാർച്ച് രണ്ടിന് ന്യൂസിലൻഡിനെയും ഇന്ത്യ നേരിടും. ഇന്ത്യയുടെ ആവശ്യപ്രകാരം ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബൈയാണ് വേദിയാകുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ഐ.സി.സി ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ടത്.

മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് ടീമുകളാണുള്ളത്. മാർച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. ഒമ്പതിന് ഫൈനൽ. ഫൈനലിന് റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും ആദ്യ സെമി യു.എ.ഇയിൽ നടക്കും. ലാഹോറാണ് ഫൈനലിന് വേദിയാകുന്നത്. ഇന്ത്യ കലാശപോരിന് യോഗ്യത നേടിയാൽ മത്സരം യു.എ.ഇയിലാണ് നടക്കുക. പാകിസ്താനാണ് നിലവിലെ ചാമ്പ്യൻ.

‘ഹൈബ്രിഡ്’ മോഡൽ അംഗീകരിക്കണമെങ്കിൽ, ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താന്‍റെ മത്സരങ്ങളും ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യം അംഗീകരിച്ചതോടെയാണ് ടൂർണമെന്‍റിലെ അനിശ്ചിതത്വം നീങ്ങിയത്.

2026ൽ ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ പാകിസ്താന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക. 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്.

കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.

Tags:    
News Summary - Champions Trophy 2025 schedule: India vs Pakistan on 23 February in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.