ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷനിൽ സംശയം പ്രകടിപ്പിച്ച് ആസ്ട്രേലിയൻ സ്പോർട്സ് കമന്‍റേറ്റർ ഇയാൻ മൗറീസ്. ബുംറയുടെ ബൗളിങ് ആക്ഷൻ ചോദ്യം ചെയ്യുന്നത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നുണ്ടോ? എന്നാണ് മൗറീസ് ചോദിച്ചത്. ബുംറയുടെ മിടുക്കിനെ വലിയൊരളവിൽ അവഗണിക്കുന്ന ആസ്ട്രേലിയൻ മാധ്യമങ്ങൾക്കെതിരെയും മൗറീസ് ആഞ്ഞടിച്ചു.
നിലവിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ പരമ്പരയിൽ ആറ് ഇന്നിങ്സിൽ 21 വിക്കറ്റ് ബുംറ ഇതിനോടകം നേടിക്കഴിഞ്ഞു. 10.90 ശരാശരിയിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് ബുംറ 21 വിക്കറ്റ് നേടിയത്. ഗാബ്ബയിൽ നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റാണ് രണ്ട് ഇന്നിങ്സിൽ നിന്നുമായി ബുംറ സ്വന്തമാക്കിയത്. ഷോട്ട് റണ്ണപ്പിൽ രണ്ട് വശത്തേക്കും സ്വിങ് ചെയ്യുന്ന ബുംറയുടെ കഴിവിനെ ആരാധകർ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തിന്‍റെ ആക്ഷനെ സൂക്ഷ്മതയോടെ പരിശോധിക്കാനും ആവശ്യപ്പെടുന്നവരുണ്ടായിരുന്നു.
' എന്താണ് ആരും ഇന്ത്യൻ പേസ് ബൗളർ ബുംറയുടെ ആക്ഷൻ ചോദ്യം ചെയ്യാത്തത്? അത് പൊളിറ്റിക്കലി കറക്ടാവില്ലേ? അവൻ ത്രോയാണ് എറിയുന്നതെന്ന് ഞാൻ പറയില്ല, എന്നാലും അവൻ എറിയുന്ന സമയത്തുള്ള പൊസിഷൻ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. നയൺ (ആസ്ട്രേലിയൻ മീഡിയ) ഉണ്ടായിരുന്നെങ്കിൽ ഇതിൽ സൂക്ഷ്മദർശിനി വെക്കുമായിരുന്നു,' അദ്ദേഹം എക്സിൽ കുറിച്ചു. ഇക്കാര്യം പറഞ്ഞതിന് തന്‍റെ നേരെ വരുന്ന വിമർശകരോട് ബുംറ ത്രോയാണ് എറിയുന്നത് എന്ന് താൻ പറയുന്നില്ലെന്നും ആക്ഷൻ വിശകലനം ചെയ്യണമെന്നേ പറയുന്നുള്ളൂവെന്നും മൗറീസ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.