മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഗോവൻ ക്രിക്കറ്റ് ടീമിൽനിന്ന് അർജുൻ ടെണ്ടുൽക്കർ പുറത്ത്. മോശം ഫോമിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. കേരളത്തിനെതിരായ മത്സരത്തിനു പുറമെ, ചൊവ്വാഴ്ച മഹാരാഷ്ട്രക്കെതിരായ മത്സരത്തിലും താരത്തെ കളിപ്പിച്ചിരുന്നില്ല.
ഐ.പി.എൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപക്കാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്. മുഷ്താഖ് അലി ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ നാലു ഓവറിൽ 48 റൺസാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല. ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഒമ്പത് റൺസ് മാത്രമാണ് സമ്പാദ്യം. മത്സരത്തിൽ ഗോവ ദയനീയമായി പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ മൂന്നു ഓവറിൽ 19 റൺസ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആന്ധ്രാപ്രദേശിനെതിരായ മൂന്നാം മത്സരത്തിൽ 3.4 ഓവർ പന്തെറിഞ്ഞ താരം 36 റൺസ് വഴങ്ങി, വിക്കറ്റൊന്നും നേടാനായില്ല.
ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ പോലും ഗോവക്ക് ജയിക്കാനായിട്ടില്ല. നാലു മത്സരങ്ങളും തോറ്റ ഗോവ ഗ്രൂപ്പ് ഇയിൽ പോയന്‍റിൽ ആറാം സ്ഥാനത്താണ്. സചിന്‍ ബാറ്റുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍, പേസ് ഓള്‍റൗണ്ടറായ അർജുന് ഇതുവരെ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകനെന്ന പേരില്‍ വലിയ സമ്മര്‍ദം താരം നേരിടുന്നുണ്ട്.
ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിലും അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് അവസാന നിമിഷമാണ് വാങ്ങിയത്. ആദ്യ റൗണ്ടുകളിലൊന്നും താരത്തിനായി ആരും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്നു അര്‍ജുന്‍ കളിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ഗോവയിലേക്ക് മാറിയത്. താരത്തിന്‍റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനവും അത്ര മികച്ചതല്ല. 17 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് 532 റണ്‍സും 37 വിക്കറ്റുമാണ് അര്‍ജുന്‍ നേടിയത്. 15 ലിസ്റ്റ് എ ക്രിക്കറ്റില്‍നിന്ന് 21 വിക്കറ്റും 62 റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.