അടുത്ത ഫെബ്രുവരി മുതൽ നിശ്ചയിച്ചിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ വേദി സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഐ.സി.സി മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുഖം തിരിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ടൂർണമെന്‍റ് നടക്കുമോ എന്ന കാര്യത്തിലും ആശങ്ക ഉയരുകയാണ്. സർക്കാറിന്‍റെ അനുമതി ലഭിക്കാതെ പാകിസ്താനിലേക്ക് ഇന്ത്യൻ സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.
ഉപാധികളോടെ ഹൈബ്രിഡ് മോഡലിന് സമ്മതിക്കാമെന്നാണ് പി.സി.ബിയുടെ ഒടുവിലത്തെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ നടത്തുകയാണെങ്കിൽ സമാന രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ടൂർണമെന്‍റുകളിൽ പാകിസ്താന്‍റെ മത്സരങ്ങൾക്ക് ന്യൂട്രൽ വേദികൾ അനുവദിക്കണമെന്നാണ് പി.സി.ബിയുടെ ആവശ്യം. എന്നാൽ ഇക്കാര്യം ബി.സി.സി.ഐ നിഷേധിച്ചതായാണ് വിവരം. ഇതിനിടെ ഇന്ത്യൻ താരങ്ങൾ പാകിസ്താനിൽ കളിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ് പാകിസ്താന്‍റെ മുൻ പേസർ ശുഐബ് അക്തർ.
“പാകിസ്താനിൽ കളിക്കണമെന്ന് ഒരുപക്ഷേ പാകിസ്താനെക്കാൾ കൂടുതലായി ഇന്ത്യൻ താരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വിരാട് കോഹ്‌ലിക്കൊക്കെ ഈ ആഗ്രഹം ശക്തമാണ്. എന്നാൽ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയാം. ഇന്ത്യ -പാകിസ്താൻ മത്സരം നടക്കുകയാണെങ്കിൽ ടെലിവിഷൻ സംപ്രേഷണാവകാശത്തിനുള്ള തുക കുത്തനെ ഉയരും. പക്ഷേ ഇന്ത്യൻ സംഘം പാകിസ്താനിലെത്താൻ സർക്കാർ അനുവദിക്കില്ല” -ടെലിവിഷൻ ചർച്ചക്കിടെ അക്തർ പറഞ്ഞു.
ഐ.സി.സിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റെങ്കിലും ചാമ്പ്യൻസ് ട്രോഫിയെ സംബന്ധിച്ച് പ്രതികരിക്കാൻ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ തയാറായിട്ടില്ല. തന്‍റെ പ്രഥമ പരിഗണ 2028 ലൊസാഞ്ജലസ് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിലാണെന്നാണ് ജയ് ഷാ പ്രതികരിച്ചത്. വനിതാ ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ജയ് ഷാ പറഞ്ഞു. അതേസമയം വ്യാഴാഴ്ച ബോർഡ് മീറ്റിങ് കൂടുമെന്ന് റിപ്പോർട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി ചർച്ചയാകുമോ എന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.