മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുമായി സംസാരിച്ചിട്ട് പത്ത് വർഷമായെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സ്പിൻ ബൗളർ ഹർഭജൻ സിങ്. ചെന്നൈ സൂപ്പർ കിങ്സിൽ ഒരുമിച്ച് കളിച്ചപ്പോഴാണ് ഇതിനിടയിൽ ആകെ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2007-2011 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഇരുവരും ടീമിൽ ഒരുമിച്ച് കളിച്ചവരാണ്.
'ഞാൻ ധോണിയുമായി സംസാരിക്കാറില്ല. ഞാൻ സി.എസ്.കെക്ക് വേണ്ടി കളിച്ചപ്പോഴാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് സംസാരിക്കാറില്ല. 10 വർഷമോ അതിന് മുകളിലോ ആയി തമ്മിൽ സംസാരിച്ചിട്ട്. എനിക്ക് അതിന് കാരണമൊന്നുമില്ല. അവന് ചിലപ്പോൾ ഉണ്ടാകുമായിരിക്കും. അതെന്താണെന്നൊന്നും എനിക്ക് അറിയില്ല. ഐ.പി.എല്ലിൽ സി.എസ്.കെക്ക് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അതും ഗ്രൗണ്ടിൽ മാത്രം. അതിന് ശേഷം ഞാൻ അവന്‍റെയൊ അവൻ എന്റെയോ റൂമിലേക്ക് സന്ദർശനം നടത്താറില്ല,' ഹർഭജൻ പറഞ്ഞു.
2015ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഏകദിന മത്സരത്തിലാണ് ഇരുവരും അവസാനമായി ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് കളിച്ചത്. 2018 ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിൽ നിന്നും സി.എസ്കെയിലേക്ക് ഹർഭജൻ എത്തിയിരുന്നു. ധോണിക്കെതിരെ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹത്തിന് തന്നോട് എന്തെങ്കിലുമുണ്ടെങ്കിൽ അത് നേരത്തെ പറഞ്ഞേനെ എന്നും ഭാജി പറയുന്നുണ്ട്. താനുമായി അടുപ്പമുള്ളവരോട് മാത്രമാണ് ബന്ധം നിലനിർത്തികൊണ്ട് പോകാൻ ആഗ്രഹമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.