മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായി വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്കർ. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് സോബേഴ്സ്.
ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി എന്നിവരെ മറികടന്നാണ് ഗവാസ്കർ സോബേഴ്സിനെ തെരഞ്ഞെടുത്തത്. ‘എല്ലാവരും മികച്ചവരാണ്, പക്ഷേ, ഗാരി സോബേഴ്സാണ് ഏറ്റവും മികച്ചത്’ -ഗവാസ്കർ പറഞ്ഞു. 1954 മുതൽ 1974 വരെയാണ് സോബേഴ്സ് വെസ്റ്റിൻഡീസിനുവേണ്ടി കളിച്ചത്. ആക്രമോത്സുക ബാറ്റിങ് ശൈലിയാണ് താരത്തെ ശ്രദ്ധേയനാക്കിയത്.
1958ൽ കിങ്സ്റ്റണിൽ പാകിസ്താനെതിരെ പുറത്താകാതെ സോബേഴ്സ് നേടിയ 365 റൺസ് ഏറെ കാലം ലോക റെക്കോഡായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്സർ പറത്തിയ ആദ്യ കളിക്കാരനാണ്. 1968ൽ സ്വാൻസിയയിൽ നോട്ടിങ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരായ മത്സരത്തിൽ മാൽക്കം നാഷിന്റെ ഓവറിലാണ് നേട്ടം കൈവരിച്ചത്.
രണ്ടു കൈകളിലും ജനിക്കുമ്പോൾ ഒരു വിരൽ അധികമായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് അധിക വിരൽ ഒഴിവാക്കിയത്. ക്രിക്കറ്റിനു പുറമെ, ഗോൾഫും ഫുട്ബാളും ബാസ്കറ്റ് ബാളും അത്ലറ്റിക്സും താരത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു.
16ാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വർഷം ടെസ്റ്റിലും അരങ്ങേറി. കരിയറിന്‍റെ തുടക്കത്തിൽ ബൗളറായാണ് എത്തിയതെങ്കിലും പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.