മഴയും ഓസീസും കളിച്ചു; സ്വന്തം നാട്ടിൽ പരമ്പര തോറ്റ് ഇംഗ്ലണ്ട്

പരമ്പര വിജയത്തിനും ഇംഗ്ലണ്ടിനുമിടയിൽ മഴ വില്ലനായി എത്തിയപ്പോൾ കൃത്യമായി അവസരം ഉപയോഗിച്ച ആസ്ട്രേലിയക്ക് വിജയം. അഞ്ചാമത്തേയും അവസനാത്തേതുമായ നിർണയാക മത്സരത്തിൽ ഡക്ക്വർത്ത്-ലൂയിസ് നിയമ പ്രകാരം 49 റൺസിനാണ് കങ്കാരുപ്പടയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് ഓസീസ് വിജയിച്ചു. നാല് വിക്കറ്റും 31 റൺസും നേടിയ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.

49.2 ഓവറിൽ 309 റൺസ് നേടി ഇംഗ്ലണ്ട് ഓൾഔട്ടായിരുന്നു. ഓസീസ് ബാറ്റിങ്ങിൽ 20.4 ഓവർ പിന്നിട്ടപ്പോഴാണ് മഴ എത്തിയത്. മഴ വരുന്ന സമയം ഡി.എൽ.എസ് നിയമപ്രകാരം ആസ്ട്രേലിയക്ക് 49 റൺസ് കൂടുതലുണ്ട്. ഇത് വിജയം കങ്കാരുപ്പടക്ക് അനുകൂലമാക്കുകയായിരുന്നു.

നേരത്തെ തന്നെ മഴ മുന്നറിയിപ്പുണ്ടായിരുന്ന മത്സരത്തിൽ ടോസ് വിജയിച്ച ആസ്ട്രേലിയ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ത്രീ ലയൺസിനായി ബെൻ ഡക്കറ്റ് സെഞ്ച്വറി നേടി. 91 പന്തിൽ 13 ഫോറും മൂന്ന് സിക്സറുമടിച്ച്കൊണ്ട് 107 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. മധ്യ നിരയിയൽ കൃത്യമായ പിന്തുണയോടെ കളിച്ച നായകൻ ഹാരി ബ്രൂക്കിന്‍റെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് നിർണായകമായി. ഏഴ് സിക്സറും മൂന്ന് ഫോറുടമടിച്ച് തകർത്ത് കളിച്ച ബ്രൂക്ക് 52 പന്തിൽ നിന്നും 72 റൺസ് നേടിയാണ് പുറത്തായത്. മൂന്നാം വിക്കറ്റിൽ 132 റൺസാണ് ബ്രൂക്ക്-ഡക്കറ്റ് സഖ്യം നേടിയത്.

ഓപ്പണർ ഫിൽ സാൾട്ട് 45 (27 പന്തിൽ) റൺസ് നേടി മികച്ച തുടക്കം നൽകിയിരുന്നു. മറ്റ് ബാറ്റർമാർക്ക് കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. വാലറ്റത്ത് ആദിൽ റഷീദ് (36) നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഹെഡ് നാല് വിക്കറ്റ് നേടിയപ്പോൾ ആരോൺ ഹാർഡി, ഗ്ലെൻ മാക്സ്വെൽ, ആദം സാംബ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മഴയെ പ്രതീക്ഷിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ തുടക്കം മുതൽ ട്വന്റി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ 10 ഓവറിനുള്ളിൽ 100 കടത്താൻ ഓസീസിന് സാധിച്ചു. 30 പന്ത് നേരിട്ട് ഏഴ് ഫോറും നാല് സിക്സറുമടിച്ച് 58 റൺസുമായി മാറ്റ് ഷോർട്ട് ഇംഗ്ലണ്ടിന് മേൽ അഗ്നിയായി പടർന്നപ്പോൾ മികച്ച പിന്തുണയുമായി ട്രാവിസ് ഹെഡ് (31) കളം നിറഞ്ഞു. ഇരുവരും പുറത്തായതിന് ശേഷം സ്റ്റീവൻ സ്മിത്ത്-ജോഷ് ഇംഗ്ലിസ് എന്നിവർ ചേർന്ന് ഓസീസ് വിജയം ഉറപ്പാക്കി. സ്മിത്ത് 36ും ഇംഗ്ലിസ് 28ും റൺസ് നേടി റൺറേറ്റ് താഴാതെ നിലനിർത്തി.

ആരാധകർക്ക് വളരെ ത്രസിപ്പിക്കുന്ന പരമ്പരയായിരുന്നു ഇത്. ആദ്യ രണ്ട് മത്സരത്തിൽ ഓസീസ് വിജയിച്ചതിന് ശേഷം ശക്തമായി തിരിച്ചെത്തിയ ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് മത്സരത്തിലും കങ്കാരുക്കളെ മുട്ട് കുത്തിക്കുകയായിരുന്നു. എന്നാൽ ഒടുവിൽ പരമ്പര തീരുമാനിക്കുന്ന മത്സരം വീണ്ടും ഇംഗ്ലണ്ടിന് അടിയറവ് പറയേണ്ടി വന്നു.

Tags:    
News Summary - austraila win series against england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.