കാൻബറ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ശനിയാഴ്ച തുടങ്ങുന്ന പരിശീലന മത്സരത്തിന് തലസ്ഥാനത്തെത്തിയതായിരുന്നു താരങ്ങൾ.
പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായാണ് ഇന്ത്യൻ ടീമിന്റെ ദ്വിദിന മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ സഹതാരങ്ങളെ ആൽബനീസിന് പരിചയപ്പെടുത്തി. ജസ്പ്രീത് ബുംറയും വിരാട് കോഹ്ലിയുമടക്കം പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ജയം സമ്മാനിച്ച കളിക്കാരെ ആസ്ട്രേലിയൻ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത രോഹിത് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധവും ചരിത്രവും പരാമർശിച്ചു. പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ക്യാപ്റ്റൻ ജാക് എഡ്വേഡ്സും ആൽബനീസിനെ സന്ദർശിച്ചു.
അതിശയിപ്പിക്കുന്ന ഇന്ത്യൻ സംഘത്തിനെതിരെ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ‘എക്സി’ൽ കുറിച്ചു. പരമ്പര മികച്ച രീതിയിൽ തുടങ്ങിയ ടീമിന്റെ ആവേശകരമായ മത്സരങ്ങൾക്കായി 140 കോടി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മറുപടിയും നൽകി. ഡിസംബർ ആറിന് അഡലെയ്ഡിലാണ് ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.