സബ്സ്റ്റിറ്റ്യൂട്ട് താരത്തിന് ബാറ്റും ബൗളും ചെയ്യാം; ആദ്യം ആഭ്യന്തര ട്വന്‍റി20യിൽ; എങ്ങനെയെന്ന് നോക്കാം...

ഫുട്ബാൾ, ബാസ്കറ്റ്ബാൾ, റഗ്ബി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ ടീമിന് പകരക്കാരെ ഇറക്കാനുള്ള അവസരമുണ്ട്. നിലവിൽ ക്രിക്കറ്റിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്ക് വിധേയമായി സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരെ അനുവദിക്കുന്നത്.

എന്നാൽ, അധികം വൈകാതെ സബ്സ്റ്റിറ്റ്യൂട്ട് താരത്തിന് ബാറ്റും ബൗളും ചെയ്യാനാകും. ക്രിക്കറ്റും സജീവ സബ്സ്റ്റിറ്റ്യൂട്ട് താരത്തിന് അനുകൂലമായി ചിന്തിക്കുകയാണ്. ക്രിക്കറ്റ് ചരിത്രത്തിൽ ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് (ബി.ബി.എൽ) ആദ്യമായി സബ്സ്റ്റിറ്റ്യൂട്ട് താരത്തെ ഇറക്കാനുള്ള അനുമതി നൽകുന്നത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബി.സി.സി.ഐ) ഇത് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്.

ഒക്ടോബറിൽ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ ഇംപാക്ട് പ്ലെയർ എന്ന പേരിലാകും ഇതിനുള്ള അവസരം നൽകുക. മത്സരത്തിൽ ഒരു ടീമിൽ പകരക്കാരനായ ഒരു താരത്തിന് കൂടുതൽ സജീവമായി പങ്കെടുക്കാൻ അവസരമൊരുക്കുക എന്നതാണ് ഒരു ഇംപാക്ട് പ്ലെയർ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് നിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് മത്സരത്തിന് തന്ത്രപരമായ മാനം നൽകുമെന്നും കുറിപ്പിലുണ്ട്.

ഇംപാക്ട് പ്ലെയർക്ക് എപ്പോൾ കളിക്കാം...

1. ടോസ് സമയത്ത് ഓരോ ടീമും തങ്ങളുടെ പ്ലെയിങ് ഇലവനൊപ്പം പകരക്കാരായ നാലു കളിക്കാരെ കൂടി കണ്ടെത്തണം. പകരക്കാരനായ കളിക്കാരിൽ ഒരാളെ മാത്രമേ ആ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാൻ കഴിയൂ.

2. രണ്ട് ടീമുകൾക്കും ഒരു മത്സരത്തിൽ ഒരു ഇംപാക്ട് പ്ലെയറെ മാത്രമേ അനുവദിക്കൂ. ടീമുകൾക്ക് ആവശ്യമെങ്കിൽ മാത്രം ഈ അവസരം പ്രയോജനപ്പെടുത്തിയാൽ മതി. ഒരു ഇന്നിങ്സിന്‍റെ 14-ാം ഓവറിനുമുമ്പായി ഇംപാക്ട് പ്ലെയറെ കളത്തിലിറക്കണം. ക്യാപ്റ്റൻ/ഹെഡ് കോച്ച്/ടീം മാനേജർ ഈ വിവരം ഫോർത്ത് അമ്പയറെ അറിയിക്കുകയും വേണം. ബാറ്റിങ് ടീമിനാണെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുന്ന സമയത്തോ, ഇന്നിങ്സ് ഇടവേളയിലോ ഇംപാക്ട് പ്ലെയറെ ഉപയോഗിക്കാം.

3. ഇംപാക്ട് പ്ലെയർക്കായി മാറികൊടുക്കുന്ന താരത്തിന്‍റെ പിന്നീട് ആ മത്സരത്തിൽ കളിക്കാനാകില്ല.

4. ഒരു മത്സരത്തിൽ ഇംപാക്ട് പ്ലെയറെ ഇറക്കിയാൽ, ആ താരത്തിന് ബാറ്റ് ചെയ്യാനും തടസ്സമില്ലാത്ത ഇന്നിങ്സിൽ നാലു ഓവർ ബൗൾ ചെയ്യാനും കഴിയും. ഒരു കളിക്കാരന് ഗുരുതര പരിക്കേറ്റാൽ ഇംപാക്ട് പ്ലെയറെ ആ ഓവറിന്റെ അവസാനത്തിൽ മാത്രമേ ഇറക്കാനാകു. താരം ബാറ്റ് ചെയ്യാനും യോഗ്യനായിരിക്കും. എന്നാൽ, 11 താരങ്ങൾക്ക് മാത്രമേ ബാറ്റ് ചെയ്യാനാകു.

5. മത്സരം ആരംഭിക്കാൻ വൈകുകയും ഒരു ഇന്നിങ്സിൽ ഓവറുകളുടെ എണ്ണം പത്തിൽ താഴെയായി കുറക്കുകയും ചെയ്താൽ ഇംപാക്ട് പ്ലെയറെ കളിപ്പിക്കാനാകില്ല.

Tags:    
News Summary - BCCI announces new 'Impact Player' rule for domestic T20s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.