മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. വരുന്ന സീസൺ മുതലാണ് മാറ്റം വരുക. ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ അനുവദിക്കുന്നതാണ് പുതിയ നിയമം. ഈയിടെ അവസാനിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. ഐ.പി.എല്ലിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചതായും 2024 സീസണിൽ പുതിയ നിയമം നിലവിൽ വരുമെന്നുമാണ് റിപ്പോർട്ട്. പുതിയ നിയമം മത്സരം കൂടുതൽ ആവേശകരമാക്കുമെന്നും ഡെത്ത് ഓവറുകളിൽ ബാറ്റർമാരെ കുഴക്കാൻ ബൗളർമാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.
ഐ.പി.എൽ ലേലം ഇന്ന് ദുബൈയിൽ നടക്കാനിരിക്കെയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. 214 ഇന്ത്യക്കാരടക്കം 333 പേരാണ് 10 ടീമുകളിൽ ഇടംതേടി രംഗത്തുള്ളത്. 77 ഒഴിവുകളുള്ളതിൽ 30 വരെ വിദേശതാരങ്ങളെ സ്വന്തമാക്കാം. ഇവർക്കായി മൊത്തം 262 കോടി രൂപവരെ മുടക്കാം. 23 താരങ്ങൾക്ക് അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. തൊട്ടുതാഴെ 1.5 കോടി വിലയുള്ള 13 പേരുണ്ട്.
ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക. 31.4 കോടി കൈയിലുള്ള ചെന്നൈ വെറ്ററൻ താരം അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവർക്ക് പകരക്കാരെ തിരഞ്ഞാകും എത്തുക. ടീം വിട്ടുനൽകിയ ഷാർദുൽ താക്കൂറിന് പകരമോ താരത്തെതന്നെയോ ടീം സ്വന്തമാക്കും. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിട്ട ഗുജറാത്ത് ടൈറ്റൻസിനുമേലാണ് സമ്മർദം ഏറ്റവും കൂടുതൽ. ഷാർദുൽ താക്കൂർ, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, അസ്മതുല്ല ഉമർസായ് എന്നിവരിലാണ് ടീം നോട്ടമിട്ടിരിക്കുന്നത്. 38.15 കോടിയാണ് ഗുജറാത്തിന്റെ സമ്പാദ്യം.
ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഇപ്പോഴും അനിശ്ചിതമായി തുടരുന്ന ഡൽഹിക്ക് ഹർഷൽ പട്ടേൽ, ഷാർദുൽ, ജോസ് ഇൻഗ്ലിസ്, വനിന്ദു ഹസരംഗ തുടങ്ങി കഴിവ് തെളിയിച്ച കുറെപേരെ വേണം. 28.95 കോടിയാണ് ടീമിന്റെ നീക്കിയിരിപ്പ്. രാജസ്ഥാനാകട്ടെ സമീർ റിസ്വി, അശുതോഷ് ശർമ, അഭിമന്യു സിങ്, സൗരഭ് ചൗഹാൻ തുടങ്ങി കുറേക്കൂടി യുവനിരയെയാണ് ലക്ഷ്യംവെക്കുന്നത്. രോഹിതിനു പകരം ഹാർദികിനെ നായകനാക്കിയ മുംബൈയും വൻസ്രാവുകളെ നോട്ടമിടുന്നില്ല. ഹർഷൽ പട്ടേലിനെ വിട്ടുനൽകിയ ബാംഗ്ലൂരിന് പകരമായി മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ് തുടങ്ങിയ പ്രമുഖരെയാണ് വേണ്ടത്. പരിചയസമ്പന്നർക്ക് പിന്നാലെയാണ് പഞ്ചാബ് കിങ്സ്, കൊൽക്കത്ത, ലഖ്നോ ടീമുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.