ന്യൂഡൽഹി: ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് മത്സരങ്ങൾക്കുള്ള പ്രതിഫലം കുത്തനെ കൂട്ടാനൊരുങ്ങി ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൽപര്യം കുറഞ്ഞുവരുന്നത് കണക്കിലെടുത്താണ് കളിക്കാരെ പ്രചോദിപ്പിക്കാനുള്ള നീക്കം. ഇത് സംബന്ധിച്ച തീരുമാനം ഐ.പി.എൽ 2024 സീസണിന് ശേഷം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ മാച്ച് ഫീസ് വർധനവിനൊപ്പം ബോണസ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുവന്നവർക്ക് പാരിതോഷികമായി വാർഷിക ബോണസായി ഉയർന്ന തുക നൽകിയേക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ഒരു പക്ഷേ മാച്ച് ഫീ വർധനവ് ഇല്ലാതെ ബോണസ് മാത്രം നൽകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബോണസ് ആകർഷകമായ രീതിയിലായിരിക്കും പ്രഖ്യാപിക്കുക. നിലവിൽ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഏകദിനത്തിൽ ആറ് ലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവുമാണ് കളിക്കാർക്ക് ലഭിക്കുന്നത്. താരങ്ങളുടെ വാർഷിക കരാർ തുകക്ക് പുറമെയാണ് ഈ മാച്ച് ഫീ ലഭിക്കുന്നത്.
ശ്രേയസ് അയ്യർ, ഇശാൻ കിഷൻ തുടങ്ങിയ താരങ്ങൾ ഐ.പി.എല്ലിന് ഒരുങ്ങാൻ വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാതെ മുങ്ങി നടക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ലാത്ത താരങ്ങൾ വിട്ടു നിൽക്കുന്നത് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നൽകിയതും ഏറെ ചർച്ചയായിരുന്നു. ഇതിനിടെയാണ് താരങ്ങളെ കൂടുതൽ പ്രചോദിതരാക്കാനുള്ള നീക്കവുമായി ബി.സി.സി.ഐ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.