ബി.ജെ.പി നേതൃത്വം സ്ത്രീ വിരുദ്ധമെന്ന് പരാതി; മഹിളാ മോർച്ച നേതാവ് രാജിവെച്ചു, ഗുരുവായൂരിലും കുന്നംകുളത്തും രഹസ്യ യോഗം

തൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി. മഹിളാ മോർച്ച നേതാവ് രാജിവെച്ചു. മഹിളാ മോർച്ച തൃശൂർ നിയോജകമണ്ഡലം പ്രസിഡണ്ടും ജില്ലാ ഭാരവാഹിയുമായ ഉഷ മരുതൂർ ആണ് രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ പുതൂർക്കര ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.

ജില്ലാ നേതൃത്വത്തിൻറെ സ്ത്രീവിരുദ്ധ നിലപാടാണ് രാജിക്ക് കാരണമെന്നാണ് പറയുന്നത്. പാർട്ടിക്കകത്ത് കടുത്ത അവഗണനയായിരുന്നുവത്രെ. തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർഥിയായിരുന്ന മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിതയുടെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയതിനെ തുടർന്ന് ഗുരുവായൂരിലും പാർട്ടിക്കകത്ത് കലഹമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ഒരു വിഭാഗം രംഗത്ത് വരാതിരുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലും ഒരു വിഭാഗം യോഗം ചേരുകയും ചെയ്തതായി പറയുന്നു.

ഗുരുവായൂരിൽ പത്രിക തള്ളിപ്പോയതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആർ.എസ്.എസ് നേതൃത്വം തന്നെ വിമർശനമുയർത്തിയിരുന്നു. തൃശൂരിലെ സ്ഥാനാർഥിയായിരുന്ന സുേരഷ്ഗോപി ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞതും ഗുരുവായൂരിലെ പ്രവർത്തകരെ എതിർപ്പിനിടയാക്കിയിരുന്നു. ഇവിടെ വോട്ട് ചെയ്യാതെയാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് കോർപ്പറേഷൻ കൗൺസിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ ലളിതാംബിക രാജിവെച്ചത്. കടുത്ത അവഗണനയുടെ പേരിലായിരുന്നു ലളിതാംബികയുടെയും രാജി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.