പോർട് ഓഫ് സ്പെയിൻ: അഞ്ചുവർഷം നീണ്ടുപോയ കാത്തിരിപ്പിന് ഒടുവിൽ ശുഭാന്ത്യം കുറിച്ച് സൂപ്പർമാൻ കോഹ്‍ലി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം സെഞ്ച്വറി കടന്ന താരം ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 2018 ഡിസംബറിൽ ആസ്ട്രേലിയൻ പരമ്പരയിൽ ശതകം പൂർത്തിയാക്കിയ ശേഷം വിദേശ മണ്ണിൽ ഇതുവരെയും കോഹ്‍ലിയുടെ ബാറ്റ് 100 പിന്നിട്ടിരുന്നില്ല. അന്ന് പെർത്തിൽ 123 റൺസായിരുന്നു സമ്പാദ്യം. ഇത്തവണ പക്ഷേ, 121ൽ താരം റണ്ണൗട്ടായി മടങ്ങി.
തന്റെ 500ാം രാജ്യാന്തര മത്സരമെന്ന അപൂർവ ചരിത്രം തൊട്ട കളിയിൽതന്നെയാണ് സെഞ്ച്വറി നേട്ടമെന്നത് സവിശേഷതയായി. ഇന്ത്യൻ നിരയിൽ സചിൻ ടെണ്ടുൽകർ, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി എന്നിവർ മാത്രമാണ് മുമ്പ് 500 തികച്ചത്. ആദ്യ ദിവസം ഇറങ്ങിയ കോഹ്‍ലി ഇന്ത്യൻനിരയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ റൺ നേടിയ താരമായിരുന്നു. വിരേന്ദർ സെവാഗിനെ(8586)യാണ് മറികടന്നത്. പിറ്റേന്ന് സെഞ്ച്വറിയും കുറിച്ച് കുതിച്ച താരം ആസ്ട്രേലിയയുടെ എക്കാലത്തെയും ഇതിഹാസമായ സർ ഡോണൾഡ് ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡിനും ഒപ്പമെത്തി. കരീബിയൻ മണ്ണിൽ കോഹ്‍ലി കുറിക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. ഇവിടെ ഏഴ് സെഞ്ച്വറി നേടിയ സുനിൽ ഗവാസ്കറടക്കം നാലു ഇന്ത്യക്കാർ താരത്തിന് മുന്നിൽ ഇനിയുമുണ്ട്.
കോഹ്‍ലി ക്രിസിലെത്തി വൈകാതെ മൂന്നു പേർ തിരിച്ചുകയറിയിട്ടും കൂസാതെയായിരുന്നു വെടിക്കെട്ട് ബാറ്റിങ്. രോഹിത് ശർമ 80 റൺസെടുത്തും ശുഭ്മാൻ ഗിൽ 10ഉം അജിങ്ക്യ രഹാനെ എട്ടും റൺസുമായും മടങ്ങിയെങ്കിലും കരുതിക്കളിച്ച കോഹ്‍ലി 66ാം ഓവറിൽ അർധ സെഞ്ച്വറി പിന്നിട്ടു. 87 നേടി ഒന്നാം ദിനം കളി നിർത്തിയെങ്കിലും അതേ മൂർച്ചയിൽ പിറ്റേന്നും അടിച്ചുതകർത്ത് 100 തികച്ചത്. ഷാനൻ ഗബ്രിയേലിനെതിരെ ട്രേഡ്മാർക് കവർ ഡ്രൈവുമായിട്ടായിരുന്നു താരത്തിന്റെ റെക്കോഡ് ഇന്നിങ്സ്. തുടർന്ന് ബാറ്റിങ്ങിന് വേഗം കൈവന്നെങ്കിലും അനാവശ്യമായി റണ്ണെടുക്കാനുള്ള ശ്രമത്തിനിടെ ജോസഫിന്റെ നേരിട്ടുള്ള ഏറ് വിക്കറ്റെടുക്കുകയായിരുന്നു.
ഒപ്പം ബാറ്റു ചെയ്തിരുന്ന ജഡേജയും വൈകാതെ മടങ്ങി. 61 റൺസ് പൂർത്തിയാക്കിയ താരത്തെ റോച്ചാണ് കൂടാരം കയറ്റിയത്. കളി 110 ഓവർ പൂർത്തിയായപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. ആദ്യ ദിനം ടോസ് ലഭിച്ച വിൻഡീസ് സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.