പെർത്ത്: അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കും. പെർത്തിൽ മൂന്നാംദിനം ആസ്ട്രേലിയക്ക് 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം നിശ്ചയിച്ച സന്ദർശകർ വെറും 12 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി എതിരാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യശസ്വി ജയ്സ്വാളിന്റെയും (161) വിരാട് കോഹ്ലിയുടെയും (100 നോട്ടൗട്ട്) തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സ് ആറ് വിക്കറ്റിന് 487ൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ട് ദിവസവും ഏഴ് വിക്കറ്റും ബാക്കിയിരിക്കെ ഓസീസിന് ജയിക്കാൻ ഇനിയും 522 റൺസ് വേണം. ഓപണർ നതാൻ മക്സ്വീനിയെയും (0) മാർനസ് ലബൂഷാനെയും (3) ക്യാപ്റ്റൻ ജസ്പ്രീത് ബുംറ മടക്കിയപ്പോൾ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ (2) മുഹമ്മദ് സിറാജും പറഞ്ഞുവിട്ടു. സ്റ്റെമ്പെടുക്കുമ്പോൾ മറ്റൊരു ഓപണർ ഉസ്മാൻ ഖാജ മൂന്ന് റൺസുമായി ക്രീസിലുണ്ട്.
വിക്കറ്റ് നഷ്ടപ്പെടാതെ 172 റൺസിലാണ് ഇന്നലെ രാവിലെ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ഓപണർമാരായ ജയ്സ്വാളും (90) കെ.എൽ. രാഹുലും (60) വമ്പൻ സ്കോർ തേടിയിറങ്ങി. വൈകാതെ ജയ്സ്വാൾ ടെസ്റ്റിലെ നാലാമത്തെയും ആസ്ട്രേലിയയിലെ ആദ്യത്തെയും സെഞ്ച്വറി കുറിച്ചു. ഓസീസ് മണ്ണിലെ പ്രഥമ മത്സരത്തിൽതന്നെ ശതകമെന്ന ചരിത്രവും ജയ്സ്വാൾ സ്വന്തമാക്കി. ടീം സ്കോർ 200 കടന്നതിന് പിന്നാലെ രാഹുലിനെ (77) വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ ഗ്ലാസിലെത്തിച്ച് മിച്ചൽ സ്റ്റാർക്. പകരമെത്തിയത് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഒന്നാം ഇന്നിങ്സിൽ അക്കൗണ്ട് തുറക്കാതെ മടങ്ങിയ ദേവ്ദത്ത് ശ്രദ്ധയോടെ കളിച്ചു. ലഞ്ചിന് പിരിയുമ്പോൾ സ്കോർ ഒരു വിക്കറ്റിന് 275.
ബാറ്റിങ് വീണ്ടും തുടങ്ങിയ ഉടനെ ദേവ്ദത്ത് വീണു. 71 പന്തിൽ 25 റൺസെടുത്ത എടപ്പാൾക്കാരനെ ജോഷ് ഹേസിൽ വുഡിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് പിടികൂടി. 150ഉം കടന്ന് മുന്നോട്ടുനീങ്ങിയ ജയ്സ്വാൾ കോഹ്ലിയുടെ സഹായത്തോടെ ടീം സ്കോർ 300ന് മീതെയെത്തിച്ചു. 161ൽ നിൽക്കെ ജയ്സ്വാളിനെ മിച്ചൽ മാർഷിന്റെ പന്തിൽ സ്മിത്ത് ക്യാച്ചെടുക്കുകയായിരുന്നു. 297 പന്തിൽ 15 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 313ൽ മൂന്നാം വിക്കറ്റ് വീണ ഇന്ത്യക്ക് ഋഷഭ് പന്തിനെയും (1) ധ്രുവ് ജുറെലിനെയും വേഗം നഷ്ടമായതോടെ അഞ്ചിന് 321 എന്ന സ്ഥിതിയായി. ഋഷഭിനെ നതാൻ ലിയോണിന്റെ ഓവറിൽ കാരി സ്റ്റമ്പ് ചെയ്തപ്പോൾ കമ്മിൻസിന്റെ പന്തിൽ ജുറെൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ചായ സമയം അഞ്ചിന് 359.
വാഷിങ് ടൺ സുന്ദറിനൊപ്പം ബാറ്റിങ് തുടരവെ അർധശതകം പിന്നിട്ടു കോഹ്ലി. ഇരുവരും ക്രീസിൽ നിൽക്കെ 400ൽതൊട്ടു ഇന്ത്യ. പിന്നാലെ വാഷിങ്ടണിനെ (29) ലിയോൺ ബൗൾഡാക്കി. ആറിന് 410. നിതീഷ് കുമാർ റെഡ്ഡി വെടിക്കെട്ട് പുറത്തെടുത്തതോടെ സ്കോർ ബോർഡിൽ അതിവേഗം അക്കങ്ങൾ മാറിമറിഞ്ഞു. നേരിട്ട 143ാം പന്തിൽ കോഹ്ലിയുടെ 30ാം ടെസ്റ്റ് ശതകമെത്തി. ആസ്ട്രേലിയക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി കോഹ്ലി. സചിൻ ടെണ്ടുൽക്കറെ മറികടന്നായിരുന്നു ഏഴാം ശതകം. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്ന പ്രകടനം. ഇതോടെ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 27 പന്ത് നേരിട്ട നിതീഷ് മൂന്ന് ഫോറും രണ്ട് സിക്സുമുൾപ്പെടെ 38 റൺസുമായി പുറത്താവാതെനിന്നു. സ്പിന്നർ ലിയോൺ രണ്ട് വിക്കറ്റെടുത്ത് ബൗളർമാരിൽ മുമ്പനായി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 150ൽ എറിഞ്ഞിട്ടിരുന്നു ഓസീസ് പേസർമാർ. ഉരുളക്ക് ഉപ്പേരി കണക്കെ ബുംറയും സംഘവും തിരിച്ചടിച്ചപ്പോൾ ആതിഥേയർ വെറും 104ൽ വീണു. രണ്ടാം ഇന്നിങ്സിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ 534 റൺസ് ലക്ഷ്യം കുറിച്ച ഇന്ത്യക്കെതിരെ ഓസീസ് പക്ഷേ തകരുന്ന കാഴ്ചയാണ് പെർത്തിലെ മൂന്നാംദിനത്തിൽ അവസാന സെഷനിൽ കണ്ടത്. ഒന്നാം ഓവർ എറിഞ്ഞ ബുംറ നാലാം പന്തിൽ അരങ്ങേറ്റക്കാരൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കുമ്പോൾ സ്കോർ ബോർഡിൽ പൂജ്യം. നാലാം ഓവറിൽ സിറാജിന്റെ ആദ്യ പന്തിൽ നൈറ്റ് വാച്ച്മാൻ കമ്മിൻസിനെ കോഹ്ലി പിടിച്ചു. തൊട്ടടുത്ത ഓവറിൽ ലബൂഷാനെയും ബുംറ എൽ.ബി.ഡബ്ല്യൂവിൽ വീഴ്ത്തിയതോടെ മൂന്നിന് 12.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.