നാളെ നാളെ... നീളെ നീളെ...; ചാമ്പ്യൻസ് ട്രോഫി തീരുമാനം നീളുന്നു; ഐ.സി.സി ബോർഡ് യോഗം വീണ്ടും മാറ്റിവെച്ചു

ദുബൈ: അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം നീളുന്നു. ദുബൈയിൽ വ്യാഴാഴ്ച ചേരാനിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) നിർണായക ബോർഡ് യോഗം അവസാന നിമിഷം നീട്ടിവെച്ചു. ഡിസംബർ ഏഴിലേക്കാണ് യോഗം മാറ്റിയത്.

പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടൂർണമെന്‍റ് പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന് പി.സി.ബിയും നിലപാടെടുത്തു. ഐ.സി.സി താക്കീത് നൽകിയതോടെ ഹൈബ്രിഡ് മോഡലിന് പി.സി.ബി ഒടുവിൽ സമ്മതിച്ചെങ്കിലും അതിനായി അവർ മുന്നോട്ടുവെച്ച നിബന്ധനകൾ ബി.സി.സി.ഐ അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. കഴിഞ്ഞ തവണ ചേർന്ന ഐ.സി.സി ഓൺലൈൻ ബോർഡ് യോഗം 20 മിനിറ്റ് മാത്രമാണ് നീണ്ടത്. ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിൽ ഇരു ബോർഡുകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ യോഗം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.

ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകളിലും പാകിസ്താന്‍റെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്താനുള്ള അനുമതി എഴുതി നൽകണമെന്ന പി.സി.ബി വ്യവസ്ഥയാണ് പുതിയ തർക്കത്തിന് കാരണം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ലെന്നും അതുകൊണ്ടു തന്നെ അത്തരത്തിലൊരു കരാറിന്‍റെ ആവശ്യമില്ലെന്നും ബി.സി.സി.ഐ അധികൃതർ ഐ.സി.സിയെ അറിയിക്കുകയായിരുന്നു. അതേസമയം, ഐ.സി.സി ചെയർമാനായി ചുമതലയേറ്റ ജയ് ഷാ വ്യാഴാഴ്ച ആദ്യമായി ദുബൈയിലെ ഐ.സി.സി ആസ്ഥാനത്തെത്തി. ഐ.സി.സി ബോർഡ് ഡയറക്ടർമാരുമായും ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.

Tags:    
News Summary - Champions Trophy 2025: ICC Postpones Board Meeting Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.