ദുബൈ: അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താൻ ഒടുവിൽ തീരുമാനം. പാകിസ്താൻ വേദിയാകുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബൈ വേദിയാകും.
ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ പാകിസ്താനിലും നടക്കും. പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) അറിയിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ടൂർണമെന്റ് പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന് പി.സി.ബിയും നിലപാടെടുത്തു. ‘ഹൈബ്രിഡ്’ മോഡൽ അംഗീകരിക്കണമെങ്കിൽ, ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്റുകളിൽ പാകിസ്താന്റെ മത്സരങ്ങളും ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് ഒടുവിൽ അനിശ്ചിതത്വം നീങ്ങിയത്.
ഇതോടെ 2026ൽ ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. മത്സരക്രമവും തീയതിയും വരുംദിവസങ്ങിൽ ഐ.സി.സി പ്രഖ്യാപിക്കും. 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്.
കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.