കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാർ; ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്ന് കാംബ്ലി

ന്യൂഡൽഹി: കപിൽദേവ് മുന്നോട്ടുവെച്ച ഓഫർ സ്വീകരിക്കാൻ തയാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും കാംബ്ലി പറഞ്ഞു. ലഹരി മുക്തി ചികിത്സക്ക് കാംബ്ലി പോകാൻ തയാറാണെങ്കിൽ അതിന് സഹായം നൽകുമെന്ന് 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമംഗങ്ങൾ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്. ഇത് 15ാം തവണയാണ് കാംബ്ലി ലഹരിമുക്തി ചികിത്സക്ക് പോകുന്നത്.

തന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും കാംബ്ലി സമ്മതിച്ചു. ബി.സി.സി.ഐ നൽകുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാനമാർഗമെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടെങ്കിൽ റിഹാബ്ലിറ്റേഷൻ സെന്ററിലേക്ക് പോകാൻ തനിക്ക് ഒരു ഭയവുമില്ലെന്ന് കാംബ്ലി പറഞ്ഞു.

തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. തന്റെ ഭാര്യ തനിക്ക് വലിയ ശ്രദ്ധ നൽകുന്നുണ്ട്. അജയ് ജഡേജ ഉൾപ്പടെയുള്ള താരങ്ങൾ എന്നെ കാണാൻ വന്നു. കഴിഞ്ഞ മാസം ഞാൻ കുഴഞ്ഞുവീണു. എന്റെ മകൻ ജീസസ് ക്രിസ്റ്റ്യാനോയാണ് എന്നെ വീണ്ടും ആരോ​ഗ്യത്തോടെ നിൽക്കാൻ സഹായിച്ചത്. എന്റെ മകൾക്ക് 10 വയസ് മാത്രമാണ് പ്രായം. എന്റെ ഭാര്യയ്ക്കൊപ്പം മകളും എന്നെ സഹായിച്ചു. തുടർന്ന് ഡോക്ടർ തന്നോട് ആശുപത്രിയിൽ അഡ്മിറ്റാകാൻ ആവശ്യപ്പെട്ടുവെന്നും കാംബ്ലി പറഞ്ഞു.

ആ​ഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ തെണ്ടുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്. കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു.

Tags:    
News Summary - Vinod Kambli accepts Kapil Dev's offer, ready to enter rehab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.