മെൽബൺ: ബോര്‍ഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റിനുള്ള പരിശീലനത്തിനായി ഇന്ത്യൻ ടീമിന് അനുവദിച്ച പിച്ചിനെ ചൊല്ലി വിവാദം. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.
ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നേരിട്ട് യോഗ്യത നേടണമെങ്കിൽ ഇനിയുള്ള രണ്ടു ടെസ്റ്റിലും ജയിക്കണം. ഈമാസം 26ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നാലാം ടെസ്റ്റ്. ഇതിനിടെയാണ് ഇന്ത്യൻ പേസർ ആകാശ്ദീപ് വാർത്തസമ്മേളനത്തിൽ തങ്ങൾക്ക് ലഭിച്ച പിച്ചിന്‍റെ അവസ്ഥയെ കുറിച്ച് പ്രതികരിച്ചത്. പഴയ പിച്ചുകളാണ് ഇന്ത്യൻ താരങ്ങൾക്കു നെറ്റ് പ്രാക്ടീസിനായി നൽകിയതെന്നാണ് താരത്തിന്‍റെ പരാതി.
പുതിയ പിച്ചിൽ പരിശീലിക്കുന്ന ആസ്ട്രേലിയൻ താരങ്ങളുടെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. ‘ഈ വിക്കറ്റുകൾ വൈറ്റ് ബാൾ ക്രിക്കറ്റിനു വേണ്ടിയുള്ളതാണ്. ബൗൺസ് വളരെ കുറവാണ്. ബാറ്റർമാർക്ക് പന്ത് ലീവ് ചെയ്യുന്നത് ഏറെ ശ്രമകരമാണ്’ -ആകാശ്ദീപ് പ്രതികരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ടീം പരിശീലിച്ചത് ഈ പിച്ചുകളിലായിരുന്നു. നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കുന്നതിനിടെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കാൽമുട്ടിൽ പന്തുതട്ടി പരിക്കേൽക്കുന്നത്. പിന്നാലെ ഫിസിയോമാരെത്തി രോഹിത്തിന് ചികിത്സ നൽകിയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് അവധി നൽകി. അതേസമയം, ഓസീസ് താരങ്ങൾ മെൽബണിൽ തിങ്കളാഴ്ച ആദ്യമായി പരിശീലനത്തിനിറങ്ങി. ഫാസ്റ്റ് ബൗളിങ്ങിനെ തുണക്കുന്ന നല്ല ബൗൺസുള്ള പുതിയ പിച്ചിലാണ് ഓസീസ് താരങ്ങൾ പരിശീലനം നടത്തിയത്. ഇതാണ് വിവാദത്തിനിടയാക്കിയത്. അതേസമയം, ഇന്ത്യയുടെ ആരോപണത്തെ പ്രതിരോധിച്ച് മെൽബൺ പിച്ച് ക്യുറേറ്റർ മാറ്റ് പാഗ്സ് രംഗത്തെത്തി. മത്സരത്തിനു മൂന്നു ദിവസം മുമ്പു മാത്രമാണ്, സമാനമായ പിച്ചുകൾ ടീമുകൾക്ക് അനുവദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ പരിശീലന ഷെഡ്യൂൾ നേരത്തെയാണ് കിട്ടിയത്. മത്സരം നടക്കുന്നതിന് സമാനമായ പിച്ചുകൾ മൂന്നു ദിവസം മുമ്പു മാത്രമാണ് അനുവദിക്കുക. ഇത് എല്ലാ ടീമുകൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാൻ ഓസീസിനും പരമ്പര വിജയം നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.