ആരോഗ്യനില മോശമായി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തിൽ

മുംബൈ: ആരോഗ്യനില മേശമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാംബ്ലിയും ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ ടെണ്ടുൽക്കറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.

അന്ന് വിഡിയോയിലും 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. അകൃതി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കാംബ്ലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും ഒന്നും പറയാനായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞമാസവും താരത്തെ മൂത്രാശയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2013ൽ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കാംബ്ലിക്ക് അന്ന് സചിനാണ് ചികിത്സക്കുള്ള സഹായം നൽകിയത്.

മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലിയെ, വഴിവിട്ട ജീവിതം വലിയ സാമ്പത്തിക പ്രയാസത്തിലാക്കി. അമിത മദ്യപാനം കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളും താരം നേരിടുന്നുണ്ട്. താരത്തിന്‍റെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏതാനും വർഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും താരം മാനസികമായി ദുര്‍ബലനാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയിൽ സചിനൊപ്പം കണ്ടതിന്‍റെ നിരാശയും സങ്കടവും ആരാധകർ അന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുൻ താരങ്ങളായ കപിൽ ദേവും സുനിൽ ഗവാസ്കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നൽകി രംഗത്തുവന്നു.

ഒരുമിച്ച് കളി തുടങ്ങിയിട്ടും സചിൻ ക്രിക്കറ്റിലെ ഇതിഹാസമായി വളർന്നപ്പോൾ, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിൽനിന്ന് ഓർമയിലേക്ക് പതിക്കുകയായിരുന്നു. ടെസ്റ്റിൽ തുടർച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികൾ നേടിയ താരത്തെ, ഒരുവേള സചിനേക്കാൾ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്.

Tags:    
News Summary - Vinod Kambli's Health Deteriorates Again, Condition 'Critical' In Thane Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.