മുഹമ്മദ് ഷമി ഫിറ്റല്ല; ഓസീസിനെതിരായ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിലും താരം കളിക്കില്ലെന്ന് ബി.സി.സി.ഐ

മുംബൈ: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ആസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിലും പേസർ മുഹമ്മദ് ഷമി കളിക്കില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ.

കാലിനേറ്റ പരിക്കിൽനിന്ന് മോചിതനായി ഷമി ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും, ടെസ്റ്റ് കളിക്കാനുള്ള കായികക്ഷമത വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ പറയുന്നത്. കഴിഞ്ഞവർഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ദേശീയ കുപ്പായത്തിൽ കളിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്ന താരം, രഞ്ജിയിൽ മധ്യപ്രദേശിനെതിരെ ബംഗാളിനുവേണ്ടി കളിക്കാനിറങ്ങിയാണ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയത്.

എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് വൈകും. കാൽമുട്ടിനേറ്റ പരിക്കിൽനിന്ന് പൂർണ മുക്തനാകാൻ ഷമിക്ക് ഇനിയും സമയം വേണ്ടി വരുമെന്ന് ബി.സി.സി.ഐ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നവംബറിൽ രഞ്ജിയിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ 43 ഓവർ ഷമി പന്തെറിഞ്ഞിരുന്നു. പിന്നാലെ ബംഗാളിനായി സെയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒമ്പത് മത്സരങ്ങളും കളിച്ചു. ഇതിനിടെ ടെസ്റ്റ് മത്സരത്തിന് തയാറെടുക്കുന്നതിന്‍റെ ഭാഗമായുള്ള ബൗളിങ് പരിശീലനവും താരം നടത്തിയിരുന്നു.

വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലും താരം ഇടം നേടി. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വിജയ് ഹസാരെ കളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡൽഹിക്കെതിരെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഷമി കളിച്ചില്ല. അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനിടെയാണ് താരത്തിന് കായികക്ഷമത വീണ്ടെടുക്കാനായിട്ടില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയത്.

Tags:    
News Summary - Mohammed Shami Not Fit For Remaining 2 Tests Of BGT In Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.