ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണയും ശുഭപ്രതീക്ഷയുമായാണ് ഐ.പി.എൽ മത്സരത്തിനിറങ്ങുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാർച്ച് 31ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഒന്നാം അങ്കം. എം.എസ്. ധോണിയുടെ നായകത്വത്തിലാണ് ഇത്തവണയും ടീം കളത്തിലിറങ്ങുന്നത്.
2008ൽ രൂപവത്കരിച്ച ടീം 2010ലാണ് ആദ്യമായി ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റ് ഫേവറിറ്റായ മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോംഗ്രൗണ്ടിൽ തോൽപിച്ചായിരുന്നു ആദ്യ കിരീടം. 2011ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 58 റൺസിന് തോൽപിച്ച് ചെന്നൈ ജേതാക്കളായി.
വാതുവെപ്പ് കേസിനെ തുടർന്നുണ്ടായ സസ്പെൻഷൻ കഴിഞ്ഞ് 2018ൽ കളത്തിലേക്കു തിരിച്ചെത്തിയ ടീം ഒരിക്കൽകൂടി ചാമ്പ്യൻപട്ടത്തിൽ മിന്നിത്തിളങ്ങി. സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം. 2021 ഫൈനലിൽ കൊൽക്കത്തയും ഈ മഞ്ഞക്കുപ്പായക്കാരുടെ മുന്നിൽ മുട്ടുമടക്കി. 14 ഐ.പി.എൽ സീസണുകളിൽ 11 തവണ പ്ലേഓഫിലെത്തിയ ഏക ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. 11 തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിനായി.
ന്യൂസിലൻഡ് പ്ലയറും ലെഫ്റ്റ് ഹാൻഡറുമായ ഡെവോൺ കോൺവേയും ഇന്ത്യൻ പ്ലയറും റൈറ്റ് ഹാൻഡറുമായ ഋതുരാജ് ഗെയ്ക് വാദുമാണ് ഓപണർ ബാറ്റ്സ്മാന്മാരായി ഇറങ്ങാൻ സാധ്യത. അമ്പാട്ടി റായിഡുവും ശുബ്രാൻഷുവും പ്രതീക്ഷ നൽക്കുന്ന ബാറ്റർമാരാണ്. കളത്തിൽ എം.എസ്. ധോണിയും ഫോമിലേക്കെത്തിയാൽ ചെന്നൈക്ക് നിഷ്പ്രയാസം എതിരാളിയെ വീഴ്ത്താനാകും.
ഇടംകൈയൻ സ്പിൻ ബൗളർ രവീന്ദ്ര ജദേജയാണ് ചെന്നൈ ടീമിന്റെ ബൗളിങ് മാന്ത്രികൻ. ടീമിലെ ഓൾറൗണ്ടറുമാണ് ഇദ്ദേഹം. ബൗളിങ്ങിൽ മുഈൻ അലിയും ദീപക് ചഹാറും ബെൻ സ്റ്റോക്സുമാണ് പ്രതീക്ഷ നൽകുന്ന മറ്റു താരങ്ങൾ.
ന്യൂസിലൻഡുകാരനായ സ്റ്റീഫൻ പോൾ ഫ്ലെമിങ്ങാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആശാൻ. 2009 മുതൽതന്നെ ഇദ്ദേഹം ചെന്നൈ ടീമിന്റെ പരിശീലകനായി കൂടെയുണ്ട്. 1994 മുതൽ 2008 വരെ ന്യൂസിലൻഡ് ദേശീയ ടീമിനായി കളിച്ചിരുന്നു. 2018ലാണ് ടീമിന്റെ മുഖ്യപരിശീലകനായി ഒപ്പുവെച്ചത്.
ക്രിക്കറ്റിൽ തന്ത്രങ്ങൾ പ്രയോഗിച്ച് എതിർടീമിനെ വീഴ്ത്തുന്നതിൽ ഇദ്ദേഹത്തിന്റെ മികവ് കണ്ടിട്ടുള്ളത് ടെസ്റ്റ് മത്സരങ്ങളിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്വെ എന്നീ ടീമുകൾക്കെതിരെ ടെസ്റ്റ് പരമ്പരകൾ നേടുകയും ചെയ്തു. ഇത്തവണയും സ്റ്റീഫൻ െഫ്ലമിങ്ങിന്റെ പരിശീലനത്തിലാണ് ചെന്നൈ താരങ്ങൾ കളത്തിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.