കേപ്ടൗൺ: പ്രതിഭകളുടെ ധാരാളിത്തമാണ് എക്കാലവും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ പ്രത്യേകത. തീതുപ്പുന്ന പന്തുകളുമായി അലൻ ഡൊണാൾഡും മക്കായ എൻടിനിയും ഷോൺ പൊള്ളോക്കും, ബൗളർമാരുടെ പേടിസ്വപ്നമായ ഹർഷലേ ഗിബ്സും എബി ഡീ വില്ലിയേഴ്സും ഹാഷിം ആംലയും, കംപ്ലീറ്റ് ഓൾറൗണ്ടറെന്ന വിശേഷണം ഏറ്റവുമധികം ചേരുന്ന ജാക്വസ് കാലിസും വിക്കറ്റിന് പിറകിലെ അപകടകാരി മാർക് ബൗച്ചറും പറക്കും ഫീൽഡർ ജോണ്ടി റോഡ്സുമെല്ലാം ആധുനിക പ്രോടിയാസിന്റെ ജഴ്സിയണിഞ്ഞവർ.
ടെംബാ ബാവുമായുടെ നേതൃത്വത്തിൽ റസീ വാൻഡർ ഡെസ്സൻ, എയ്ഡൻ മർകറം, ലുൻഗി എൻഗിഡി തുടങ്ങിയവരെല്ലാം ദക്ഷിണാഫ്രിക്കൻ പുരുഷ ക്രിക്കറ്റ് ടീമിനായി നിലവിൽ കളിനിറഞ്ഞുകൊണ്ടിരിക്കുമ്പോഴും ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ലോകകപ്പ് ഫൈനൽ കളിക്കാനാവാത്ത നിർഭാഗ്യവാന്മാരുടെ സംഘമെന്ന എക്കാലത്തെയും വിശേഷണത്തിന് മാറ്റമില്ല.
ഒടുവിൽ വനിതകൾ ട്വന്റി20 ലോകകപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടി ചരിത്രം തിരുത്തി. സുനെ ലൂസ് നയിച്ച ടീം പക്ഷേ, സ്വന്തം കാണികൾക്ക് മുന്നിൽ ആസ്ട്രേലിയയോട് അടിയറവ് പറഞ്ഞപ്പോൾ ലോകകിരീടമെന്ന സ്വപ്നം ഒരിക്കൽകൂടി തകർന്നടിയുകയായിരുന്നു.
വർണവിവേചന കാലത്തെ വിലക്കിന് ശേഷം 1992 മുതലാണ് ദക്ഷിണാഫ്രിക്ക പുരുഷ ലോകകപ്പിൽ കളിക്കാൻ തുടങ്ങിയത്. ഇതുവരെ തുടർച്ചയായി എട്ടു തവണ പങ്കെടുത്തെങ്കിലും ഒരിക്കൽപോലും സെമി ഫൈനലിന് അപ്പുറം കടന്നില്ല. എട്ടിൽ നാലിലും അവസാന നാലിൽ ഇടംപിടിച്ചവരാണ്.
പലപ്പോഴും ലോക ഒന്നാംനമ്പർ ടീമെന്ന പ്രൗഢിയുണ്ടായിട്ടും ലോകകപ്പിലെ ‘മിസ്ഫോർചുനേറ്റ് സംഘ’മായി തുടർന്നു. ട്വന്റി20യിലും തഥൈവ. ആറ് തവണ ലോകകപ്പ് കളിച്ചെങ്കിലും രണ്ട് പ്രാവശ്യം സെമിയിലെത്തിയത് മിച്ചം. 2014ൽ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഐ.സി.സി റാങ്കിങ്ങിൽ ഒന്നാമതെത്തി ഒരേസമയത്തുതന്നെ മൂന്ന് ഫോർമാറ്റിലും നമ്പർ വണ്ണാകുന്ന ആദ്യ ടീമായി മാറിയവരാണ് ദക്ഷിണാഫ്രിക്കക്കാർ.
വനിതകളുടെ കാര്യമെടുത്താൽ ഏകദിനത്തിലും ട്വന്റി20യിലും ആറുവീതം ലോകകപ്പുകൾ കളിച്ചു. രണ്ടിലും മൂന്നു തവണ സെമിയിലെത്തി. കഴിഞ്ഞ ദിവസം സമാപിച്ച ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്കുകൂടി കടന്നപ്പോൾ ലോകകിരീടം കൈയെത്തും ദൂരെയെത്തി.
ലോറാ വോൽവാർഡും അയാബോൻഗ ഖാകയുമൊക്കെ വാഴുന്ന പെൺപട കിരീടം നേടിയിരുന്നെങ്കിൽ അത് മറ്റൊരു ചരിത്രമായേനെ. ഓസീസിന് മുന്നിൽ 19 റൺസ് തോൽവി ഏറ്റുവാങ്ങിയെങ്കിലും ലോകകപ്പിലെ ആദ്യ റണ്ണേഴ്സ്അപ്പ് നേട്ടം സ്വന്തമാക്കാനായെന്ന ആശ്വാസം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.