ഐ.പി.എൽ ഫേവറിറ്റുകളിലെ പ്രധാന ടീമായ മുംബൈ ഇന്ത്യൻസ് ഒരിക്കൽകൂടി അവരുടെ കരുത്തു തെളിയിക്കുമെന്ന ദൃഢനിശ്ചയവുമായാണ് പോരാട്ടത്തിനിറങ്ങുന്നത്. അഞ്ച് ഐ.പി.എൽ കിരീടം സ്വന്തമാക്കി വിജയാധിപത്യം നേടിയ സംഘത്തിന് ആറാം കിരീടമാണ് ലക്ഷ്യം. ബാറ്റിങ്ങിലെ മികച്ച താരനിരതന്നെയാണ് എല്ലാ സീസണിലെയുംപോലെ ഇത്തവണയും മുംബൈ ഇന്ത്യൻസിന്റെ പ്രധാന കരുത്ത്.
പരിക്കേറ്റതിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയുടെ അഭാവം നികത്താനായാൽ പഴയപോലെതന്നെ മുംബൈ താരങ്ങൾക്ക് ക്രീസിൽ മികച്ച ഫോമുറപ്പിക്കാം. ബുംറക്കു പകരം ഇംഗ്ലണ്ട് താരമായ ജോഫ്ര ആർച്ചറിലാണ് സ്ക്വാഡും ആരാധകരും പ്രതീക്ഷയർപ്പിക്കുന്നത്.
ടീമിന്റെ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനുമായിരിക്കും ഓപണർമാരായി ഇറങ്ങാൻ സാധ്യത. ആസ്ട്രേലിയൻ ക്രിക്കറ്റർ കാമറൂൺ ഗ്രീനും തന്റെ ബാറ്റിങ് പ്രകടനം മുംബൈക്കായി സമർപ്പിക്കും. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ മലയാളിതാരം വിഷ്ണു വിനോദും ടീമിലുണ്ട്.
സൂര്യകുമാർ യാദവ്, തിലക് വർമ, ടീം ഡേവിഡ്, ഡിവാൾഡ് ബ്രവിസ് എന്നിവരും ബാറ്റിങ് വെടിക്കെട്ട് ആരാധകർക്കായി കാഴ്ചവെച്ചേക്കും. ബാറ്റിങ്ങിലെ വലിയ താരനിര മൈതാനത്ത് ആവേശം ജനിപ്പിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ബൗളിങ്ങിൽ അത്ര ശക്തമല്ലാത്തൊരു താരനിരയാണ് മുംബൈക്കുള്ളത്. ജോഫ്ര ആർചർ, പിയൂഷ് ചൗള, കാമറൂൺ ഗ്രീൻ എന്നിവരാണ് ബൗളിങ്ങിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങൾ. 2013ൽ ചെന്നൈ സൂപ്പർ കിങ്സിനെ 35 റൺസിന് പരാജയപ്പെടുത്തിയാണ് ആദ്യമായി ജേതാക്കളായത്.
2015ൽ ചെന്നൈയെ 41 റൺസിന് പരാജയപ്പെടുത്തി രണ്ടാം കിരീടം. 2017ൽ പുണെയെ തോൽപിച്ചായിരുന്നു മൂന്നാം നേട്ടം. 2019ൽ ചെന്നൈയെ ഒരു റൺസിന് വീഴ്ത്തി നാലാം തവണയും 2020ൽ ഡൽഹി കാപിറ്റൽസിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് അഞ്ചാം വട്ടവും കിരീടം.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററായിരുന്ന മാർക് ബൗച്ചറാണ് മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ. വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും ഇദ്ദേഹത്തിന് മൈതാനത്ത് തിളങ്ങാനായിട്ടുണ്ട്. 147 ടെസ്റ്റ് മത്സരങ്ങളും 295 ഏകദിന മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. കണ്ണിനു പരിക്കേറ്റത് കാരണം 2012 ജൂലൈയിൽ ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. 2019ൽ ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. മുംബൈയുടെ പരിശീലകനായിരുന്ന മഹേല ജയവർധനെക്കുശേഷമാണ് മാർക് ബൗച്ചറെ മുംബൈ മുഖ്യപരിശീലകനായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.