ചെന്നൈ: കുറഞ്ഞ സ്കോറിൽ പുറത്തായാലും എതിർടീമിനെ അതിലും കുറഞ്ഞ സ്കോറിൽ പുറത്താക്കുന്ന പ്ലാനുകൾ മുംബൈ ഇന്ത്യൻസിന് ഇക്കുറി നടപ്പായില്ല. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 137റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം ഡൽഹി കാപ്പിറ്റൽസ് 19ാം ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 42 പന്തിൽ 45 റൺസെടുത്ത ശിഖർധവാനും 29 പന്തിൽ 33 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഡൽഹിയുടെ വിജയം എളുപ്പമാക്കിയത്. നാലുമത്സരങ്ങളിൽ നിന്നുള്ള ഡൽഹിയുടെ മൂന്നാം വിജയമാണിത്.
ആ പരിചയ സമ്പന്നനായ മുംബൈ ലെഗ് സ്പിന്നർ അമിത് മിശ്രക്കു മുന്നിൽ ബാറ്റിങ്ങ് മറക്കുകയായിരുന്നു. നാല് ഓവറിൽ 24 റൺസ് വിട്ടു നൽകി നാലു വിക്കറ്റ് വീഴ്ത്തിയ മിശ്രയുടെ പന്തുകൾക്ക് മുന്നിൽ മുംബൈയുടെ മുൻനിര കീഴടങ്ങി. 44 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് (24), ഇഷാൻ കിഷൻ (26), ജയന്ത് യാദവ് (23) എന്നിവരൊഴികെ അഞ്ചു ബാറ്റ്സ്മാൻമാർ ഒറ്റയക്കത്തിൽ പുറത്തായി.
മൂന്നാം ഓവറിൽ ക്വിൻറൺ ഡികോക്കിനെ (2) മാർകസ് സ്റ്റോയിണിസ് പുറത്താക്കിയത് മുതൽ തുടങ്ങുന്നു മുംബൈയുടെ വീഴ്ച.രണ്ടാം വിക്കറ്റിൽ രോഹിതും സൂര്യകുമാർ യാദവും നടത്തിയ ചെറുത്തു നിൽപായിരുന്നു ചാമ്പ്യൻ നിരയിടെ ഏറ്റവും മികച്ച കൂട്ടുകെട്ട് (58 റൺസ്). ആർ. അശ്വിനെയും കഗിസോ റബാദയെയും സിക്സറും ബൗണ്ടറിയും പറത്തി ഇന്നിങ്സ് കെട്ടിപ്പടുത്ത രോഹിത് ശർമ അമിത് മിശ്ര എറിഞ്ഞ ഒമ്പതാം ഓവറിൽ സ്മിത്തിന് പിടികൊടുത്താണ് മടങ്ങിയത്. 30 പന്തിൽ മൂന്ന് സിക്സറുമായി 44 റൺസായിരുന്നു സമ്പാദ്യം. തൊട്ടുപിന്നാലെ ഹാർദിക് പാണ്ഡ്യ (0)അതേ ഓവറിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായി.
ക്രുണാൽ പാണ്ഡ്യയെ (1) ലളിത് യാദവും, കീരോൺ പൊള്ളാർഡിനെ (2) മിശ്രയും പുറത്താക്കിയതോടെ മുംബൈ തകർന്നു തരിപ്പണമായി. അവസാന ഓവറുകളിൽ ജയന്ത് യാദവ് നടത്തിയ ചെറുത്തുനിൽപാണ് ടീം ടോട്ടൽ 100 കടത്തിയത്. ഡൽഹിക്കായി ആവേശ് ഖാൻ രണ്ടും, സ്റ്റോയിണിസ്, റബാദ, ലളിത് യാദവ് എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി. സീസണിൽ നാലുമത്സരങ്ങൾ പിന്നിട്ടിട്ടും മുംബൈ ബാറ്റിങ് ബാറ്റിങ് നിരക്ക് ഇതുവരെയും പെരുമക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.